കൊച്ചി : പോപ്പുലര്‍ നിക്ഷേപതട്ടിപ്പില്‍ ഇന്റര്‍പോളിന്റെ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പ്രതികള്‍ പണം കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ ഇന്റര്‍പോളിന്റെ സേവനം തേടുവാനോ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ തയ്യാറായിട്ടില്ല. CBI, SFIO, ED തുടങ്ങിയ കേന്ദ്ര എജന്‍സികളാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. കേരളാ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് അന്വേഷണം ഇതുവരെ എത്തിയതെന്നും ഇന്റര്‍പോളിന്റെ അന്വേഷണം ആവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുമെന്നും നിക്ഷേപകര്‍ പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിലെ പ്രധാനപ്രതി തോമസ് ദാനിയേല്‍ (റോയി)ന്റെ സഹോദരി ഷൈലയും കുടുംബവും വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരാണ്. ഷൈലയുടെ ഭര്‍ത്താവ് അങ്കമാലി സ്വദേശി വര്‍ഗീസ് പൈനാടത്ത് ഓസ്ട്രേലിയയില്‍ ബിസിനസ് ചെയ്യുകയുമാണ്. പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ റോയിയുമായും കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് വര്‍ഗീസ് പൈനാടത്തിന് ഉള്ളത്. ഭാര്യാ മാതാവും പോപ്പുലര്‍ കമ്പിനിയുടെ ചെയര്‍പെഴ്സനുമായ മേരിക്കുട്ടി ദാനിയേലിനെ വര്‍ഷങ്ങള്‍ക്കു മുമ്പേ വര്‍ഗീസ് പൈനാടത്ത് ഓസ്ട്രേലിയയില്‍ എത്തിച്ചിരുന്നു. 2014 ല്‍ റിസര്‍വ് ബാങ്ക് നല്‍കിയ കേസിലെ പ്രതിയായിരുന്നു മേരിക്കുട്ടി ദാനിയേലും തോമസ് ദാനിയേലും(റോയി). ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് മേരിക്കുട്ടി ദാനിയേലിനെ വര്‍ഗീസ് പൈനാടത്ത് ഓസ്ട്രേലിയയില്‍ എത്തിച്ചതും താമസം നല്കിയതും. സി.ബി.ഐയുടെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഇവര്‍ കേരളത്തിലുണ്ട്.
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പണം കടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അതില്‍ വര്‍ഗീസ് പൈനാടത്തും സംശയനിഴലിലാണ്. പോപ്പുലര്‍ റോയിക്ക് ഓസ്ട്രേലിയയില്‍ ഉള്ള ഏറ്റവും അടുത്തബന്ധു സഹോദരി ഷൈല പൈനാടത്തും ഭര്‍ത്താവ് വര്‍ഗീസ് പൈനാടത്തുമാണ്. റോയിയുടെ മക്കളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനും ഇവര്‍ ശ്രമിച്ചിരുന്നു. പോപ്പുലര്‍ റോയി ഓസ്ട്രേലിയയില്‍ നിന്നും പഴയ കമ്പ്യൂട്ടറുകള്‍ മുമ്പ് ഇറക്കുമതി ചെയ്തിരുന്നു. ഇവിടെയുള്ള ബന്ധുവിന്റെ സഹായത്തോടെയായിരുന്നു ഇത്. ഈ വിവരങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കൂടാതെ വിദേശത്തേക്ക് പണം കടത്തിയത് നിയമപരമായിട്ടല്ല എന്നതും പ്രധാനമാണ്. ഹവാലാ ഇടപാടില്‍ക്കൂടി ആയിരക്കണക്കിന് കോടി രൂപാ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാരതത്തിന്റെ സമ്പത്ത് വ്യവസ്ഥയെത്തന്നെ തകിടംമറിക്കുന്ന നടപടിയാണ് ഇത്. ഈ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുവാന്‍ സാധ്യതയുണ്ട്. റോയിയുടെ പേരിലോ പങ്കാളിത്വത്തിലോ ഓസ്ട്രേലിയയില്‍ ഉള്‍പ്പെടെ പലയിടത്തും കമ്പിനികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റര്‍പോളിന്റെ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ പ്രതികളെ പിടികൂടുവാന്‍ കഴിയൂ. പണം എങ്ങനെയൊക്കെ എവിടേക്ക് പോയിട്ടുണ്ടെന്ന് ഫോറന്‍സിക് ഓഡിറ്റില്‍ വ്യക്തമാകും. വകയാര്‍ കേന്ദ്ര ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ അന്വേഷണ ഏജന്‍സികളെ കൈവശമാണ്. ഇത് പരിശോധിക്കുമ്പോള്‍ പണം പോയ വഴിയും വ്യക്തമാകും. 30000 നിക്ഷേപകര്‍ക്കായി 1600 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കേണ്ടത്.