പാലക്കാട് : ഒറ്റപ്പാലം അർബൻ ബാങ്ക് വിവാദങ്ങൾ ചർച്ചയായിരിക്കെ, അർബൻ ബാങ്ക് വിഷയത്തിൽ സിപിഎം കമ്മിഷന്റെ കണ്ടെത്തലുകളിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. 5 ലോക്കൽ സെക്രട്ടറിമാരുടെ പേരിൽ അവരറിയാതെ ഒരു സഹകരണ ബാങ്കിൽ 1.65 കോടി രൂപ നിക്ഷേപിച്ച് ഘട്ടം ഘട്ടമായി പിൻവലിച്ചതായി കണ്ടെത്തിയെന്നാണു വിവരം. ഒരു വനിതാ നേതാവിന്റെ പേരിൽ 4 സ്വകാര്യ ബാങ്കുകളിലായുള്ള 40 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപവും ലോക്കറിലെ 100 പവനിലധികം സ്വർണാഭരണങ്ങളും ക്രമക്കേടുമായി ബന്ധമുള്ളതാണെന്നും കമ്മിഷൻ സംശയിക്കുന്നു.
ബാങ്കിന്റെ വികസന, നവീകരണ പ്രവർത്തനത്തിനുള്ള തുകയിൽ വലിയതോതിൽ തിരിമറി നടന്നതായാണ് കമ്മിഷന്റെ കണ്ടെത്തൽ. കമ്മിഷൻ റിപ്പോർട്ടിനുസരിച്ചു പ്രതിസ്ഥാനത്തുള്ള നേതാക്കൾക്കു സിപിഎം കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനു രണ്ടു ദിവസം മുൻപ് അടുത്ത ബന്ധുക്കളായ 2 പേരുടേതായി ബാങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചു.
ഇതിൽ ഒരാളുടെ പേരിൽ നേരത്തെ 10 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. അടുത്ത ബന്ധുവായ ജീവനക്കാരിയുടെ പേരിലും ഈ സമയം 5 ലക്ഷം രൂപ നിക്ഷേപിച്ചു. ഇവരുടെ പേരിൽ 25 ലക്ഷം രൂപയുടെ ചിട്ടിയുമുണ്ട്. നോട്ടു നിരോധിച്ചതിന്റെ പിറ്റേന്നു സിഐടിയു നേതാവ് തന്റെ അടുത്ത ബന്ധുവിന്റെ പേരിൽ 3 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച് തൊട്ടടുത്ത ദിവസം പിൻവലിച്ചു. നിയമമനുസരിച്ച് ഈ തുകയെക്കുറിച്ചു ഫിനാൻസ് ഇന്റലിജൻസിനെ അറിയിക്കണമെങ്കിലും ചെയ്തില്ല. മറ്റൊരു ബന്ധുവിന്റെ പേരിൽ 2,65,000 രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.