പത്തനംതിട്ട : ഓമല്ലൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ മകളുടെ വിവാഹം മൂന്ന് തവണ ക്ഷണകത്ത് അടിച്ച് മാറ്റിവെക്കേണ്ടി വന്നെന്ന് നിക്ഷേപക. നിരവധി പരാതികളുമായി നിക്ഷേപകർ മുൻപിൽ ഓമല്ലൂർ സർവീസ് സഹകരണ സംഘത്തിന് ഒത്തുകൂടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡണ്ടായിരിക്കുന്ന ഓമല്ലൂർ സർവ്വീസ് സഹകരണ സംഘത്തിന് മുൻപിലാണ് അഞ്ച് വർഷമായിട്ടും നിക്ഷേപത്തുക മടക്കി നൽകുന്നില്ല എന്ന പരാതിയുമായി നിരവധി പേർ എത്തിയത്.
മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണം ഇവിടെ നിക്ഷേപിച്ച ഒരു നിക്ഷേപകയ്ക്ക് 2 വർഷം മകളുടെ വിവാഹം മാറ്റിവെക്കേണ്ട അവസ്ഥ ഉണ്ടായതായും ചികിത്സയുടെ ആവശ്യത്തിന് പണം ലഭിക്കാത്തതിനാൽ മതിയായ ചികിത്സ ലഭിക്കാതെ പല നിക്ഷേപകരും മരണപ്പെട്ടതായും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു. ബാങ്കിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ജീവനക്കാരുടെ കെടുകാര്യസ്ഥതയും നിക്ഷേപകരോടുള്ള നിഷേധാത്മക സമീപനവുമാണെന്ന് നിക്ഷേപകർ ആരോപിക്കുന്നു. വ്യാജ വായ്പ, ബിനാമി വായ്പ, അനധികൃത ഭൂമി വായ്പ, മുക്കുപണ്ടം പണയം വായ്പ, ആധാരം കാണാതാകൽ, പണം തിരിമറി തുടങ്ങിയ എല്ലാതരം അനധികൃത ഇടപാടുകളും ഇവിടെ നടക്കുന്നുണ്ടെന്നും നിക്ഷേപകർ ആരോപിച്ചു. മൈലപ്ര സഹകരണ ബാങ്കിനെപ്പോലെ ഓമല്ലൂരിലും റബ്ബർ പ്രൊസസിങ് യൂണിറ്റ്, വളം ഡിപ്പോ, ഗ്യാസ് ഏജൻസി, കർഷകരിൽ നിന്ന് റബ്ബർ സംഭരണം, തുടങ്ങിയ പദ്ധതികൾ ആരംഭിച്ചിരുന്നു. അവയെല്ലാം നഷ്ടത്തിലായി ബിസിനസ് അവസാനിപ്പിച്ചത് ബാങ്കിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ബാങ്കിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഇതിലും പരിഹാരം ഉണ്ടാവാത്ത പക്ഷം അനിശ്ചിതകാല ഉപവാസസമരം അടക്കമുള്ള ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നിക്ഷേപകർ പറഞ്ഞു.
മകളുടെ വിവാഹത്തിന് മൂന്ന് തവണ ക്ഷണകത്ത് അടിച്ചിട്ട് മാറ്റിവെക്കേണ്ടി വന്നു ; ദുരിതത്തിലായി ഓമല്ലൂർ സഹകരണ ബാങ്കിലെ നിക്ഷേപക
RECENT NEWS
Advertisment