ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോൺ ആയിരുന്നു ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഫോണുകൾ. സെപ്റ്റംബർ 12ന് അവതരിപ്പിച്ച ഈ ഫോണുകൾ ഇതേ മാസം 22ന് തന്നെ വിപണിയിൽ എത്തിയിരുന്നു. നിലവിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യത്തെ വിപണികളിൽ ഈ ഫോണുകൾ ലഭ്യമാണ്. എന്നാൽ പ്രതീക്ഷിച്ച മികവ് ഈ ഫോണുകൾക്ക് ഉണ്ടോ എന്ന കാര്യത്തിൽ സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നിരവധി പ്രശ്നങ്ങളാണ് ഇതിനോടകം തന്നെ പുതിയ ഫോണുകൾക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഐഫോണിന്റെ പ്രോ മാക്സിന് നിറം മങ്ങുന്നു, ഫോൺ അമിതമായി ചൂടാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രശ്നം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഫോണിൽ പവർബാങ്ക് വഴിയുള്ള ചാർജിങ് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.
യുഎസ്ബി സി പോർട്ട് ചാർജിങ് സംവിധാനത്തോടെയാണ് ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ആപ്പിൾ ഫോണിന് ഇത്തരത്തിൽ യുഎസ്ബി സി പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ പവർബാങ്ക് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത് നിലവിലുള്ള എല്ലാ യുഎസ്ബി സി പവർ ബാങ്കുകളും പുതിയ ഫോണുകളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ചില സമയങ്ങളിൽ ഫോണിൽ നിന്ന് പവർ ബാങ്ക് ചാർജ് ആകുന്നു എന്നും പരാതികൾ ഉയരുന്നുണ്ട്. ഐഫോണുകളുടെ റിവേഴ്സ് ചാർജിംഗ് സവിശേഷതയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പല പവർബാങ്കുകളിലും ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരാതിയുമായി ഒരു ഉപഭോക്താകവ് അങ്കർ കമ്പനിയെ സമീപിച്ചപ്പോൾ യുഎസ്ബി എ പോർട്ട് ഉപയോഗിക്കാനാണ് ഇവിടെ നിന്ന് കിട്ടിയ നിർദേശം. അതേ സമയം ഐഫോണുകളുടെ റിവേഴ്സ് ചാർജിംഗ് സവിശേഷതമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അതിനിടെ ഇത് പവർബാങ്കുകളുടെ പ്രശ്നം ആണോ എന്ന് അറിയാനായി പവർ ബാങ്കുകളിൽ അങ്കർ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് പവർ ബാങ്കിന്റെ പ്രശ്നം ആണെങ്കിൽ ഇതിനായി പരിഹാരം കാണുമെന്നും കമ്പനി അറിയിച്ചു. ആപ്പിളിന്റെ സി ടൈപ്പ് മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തം ആണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
പുതിയ ഐഫോൺ 15 സീരീസിലെ സി പോർട്ടുകളിൽ ആൻഡ്രോയിഡ് ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിൾ സ്റ്റോറുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് കേബിളുകൾ കണക്ട് ചെയ്യുമ്പോൾ ഈ ഐഫോൺ മോഡലുകൾ ചൂടാകുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നിർദേശവുമായി ആപ്പിൾ രംഗത്ത് വന്നിരിക്കുന്നത്. ഫോണുകൾ അമിതമായി ചൂടാകുന്നു എന്ന തരത്തിൽ വ്യാപകമായി ആഗോള തലത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. ഫോണിന്റെ കെയ്സ് ഇല്ലാതെ ഫോണിൽ പിടിക്കാൻ സാധിക്കാത്ത തരത്തിൽ ചൂടാകുന്നു എന്നാണ് ചില ഉപഭോക്താക്കൾ പറഞ്ഞിരുന്നു. പ്രമുഖ ടെക് യൂട്യൂബറായ ബുൾസ് ലാബും സമാന ആരോപണവുമായി രംഗത്ത് എത്തി. ഇദ്ദേഹം ഒരു തെർമൽ ഇമേജിംഗ് ക്യാമറ ഉപയോഗിച്ച് ഐഫോൺ 15 പ്രോ മാക്സിന്റെ തെർമൽ സ്കാൻ നടത്തി.
ഐഫോൺ 15 പ്രോ മാക്സിൽ 46.7 ഡിഗ്രീ സെൽഷ്യസ് (116 ഫാരൽഹീറ്റ്) ചൂടാണ് ഈ പരീക്ഷണത്തിൽ രേഖപ്പെടുത്തിയത്. അതേ സമയം ഐഫോൺ 15 പ്രോ മാക്സിന്റെ നിറം മങ്ങുന്നു എന്ന പരാതിയും നിലവിൽ ഉയർന്നു കേൾക്കുന്നുണ്ട്. എണ്ണമയമുള്ളതോ വൃത്തിഹീനവുമോ ആയ കൈകൾ കൊണ്ട് പ്രവർത്തിച്ചതിനാലാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എന്നാണ് കമ്പനിയുടെ പ്രതികരണം. ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ എണ്ണമയം എത്തുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനം ആണ് ഇതിന് കാരണം പ്രശ്നം താൽക്കാലികമാണെന്നും തനിയേ ശരിയാകുമെന്നും ഇവർ പറയുന്നു.