ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്ത് രണ്ട് മാസങ്ങർ പിന്നിടുമ്പോഴേക്കും അടുത്ത പതിപ്പിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ ചർച്ചയായി തുടങ്ങിയിരിക്കുകയാണ്. ഐഫോൺ 16 ലൈനപ്പിന്റെ വരവിന് മാസങ്ങളിനിയും ബാക്കിനിൽക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോണിന്റെ സവിശേഷതകളെ കുറിച്ച് അറിയാം. ഐഫോൺ 16, 16 പ്ലസ് ഡിസ്‍പ്ലേയിൽ നിരാശ ഇൻഡസ്ട്രി ഇൻസൈഡർ റോസ് യംഗിന്റെ റിപ്പോർട്ട് പ്രകാരം ഐഫോൺ 16 സീരീസിലും ഉയർന്ന റിഫ്രഷ് റേറ്റുള്ള 120Hz പ്രൊമോഷൻ ഡിസ്‌പ്ലേ പ്രോ മോഡലുകൾക്ക് മാത്രമേയുണ്ടാകൂ. ഐഫോൺ 16, 16 പ്ലസ് എന്നീ മോഡലുകളിൽ പതിവുപോലെ 60Hz പാനലായിരിക്കും ഉണ്ടാവുക. ആപ്പിൾ ഐഫോൺ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്. ഐഫോൺ 15-ലേതിന് സമാനമായി ഡൈനാമിക് ഐലൻഡുമായാകും ബേസ് മോഡലുകൾ എത്തുക.
എന്നാൽ എല്ലാ വർഷത്തേയും പോലെ ഉയർന്ന ബ്രൈറ്റ്നസ് ലെവലും കൂടുതൽ വർണ്ണ-കൃത്യതയുമുള്ള അൽപ്പം മികച്ച സ്‌ക്രീൻ ഐഫോൺ 16, 16 പ്ലസ് മോഡലുകളിൽ ആപ്പിൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അമ്പോ… വമ്പൻ ഡിസ്‍പ്ലേ പതിവുപോലെ നാല് ഐഫോൺ മോഡലുകളാകും പതിനാറാം പതിപ്പിലുമുണ്ടാവുക. ബേസ്‌ലൈൻ ഐഫോൺ 16-ന് 6.1 ഇഞ്ചുള്ള ഡിസ്‍പ്ലേയും 6 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‍പ്ലേയും തന്നെ നൽകിയേക്കും. എന്നാൽ പ്രോ മോഡലുകൾ അൽപ്പം വ്യത്യസ്തമായാകും എത്തുക. റെഡ്ഡിറ്റിലെ ലീക്കർ യു/റെഡിറ്റർ (u/Redditor) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് സ്ക്രീനാകും കാണാൻ കഴിയുക. അതേസമയം ഐഫോൺ 16 പ്രോ മാക്‌സിൽ വലിയ 6.9 ഇഞ്ച് ഡിസ്‍പ്ലേയാകും ഉണ്ടായിരിക്കുക. ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ നമ്മൾ കണ്ട ഏറ്റവും വലിയ സ്‌ക്രീനുമായാകും പ്രോ മാക്സ് മോഡലെത്തുക. വലിയ സ്‌ക്രീനുകൾ വരുന്നതോടെ വലിയ ബാറ്ററികൾ ഐഫോണുകളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. അതിലൂടെ മെച്ചപ്പെടുത്തിയ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം. ക്യാമറയിൽ പുലി ഐഫോൺ 16 പ്രോയിൽ \”ടെട്രാ-പ്രിസം\” എന്നും അറിയപ്പെടുന്ന പുതിയ 5x പെരിസ്‌കോപ്പ് സൂം ലെൻസ് ആപ്പിൾ ചേർക്കുമെന്നും റെഡ്ഡിറ്റിൽ വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.