കൊച്ചി : കരാറിന് കൈക്കൂലിയായി കിട്ടിയ ഐഫോണ്‍ തിരികെ നല്‍കി വെട്ടിലായ അസി. പ്രോട്ടോക്കോള്‍ ഓഫീസറെ സിബിഐ ചോദ്യം ചെയ്യും. സ്വപ്നയില്‍ നിന്ന് കൈക്കൂലിയായി കിട്ടിയ ഐ ഫോണ്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവന്‍ കൈമാറിയതോടെ വെട്ടിലായത് പൊതുഭരണവകുപ്പ്. ഫോണ്‍ തിരിച്ചേല്‍പിച്ചെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയെങ്കിലും പെരുമാറ്റചട്ടത്തിനു വിരുദ്ധമായി വാങ്ങിയ ഫോണിന്റെ കാര്യത്തില്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ബിശ്വാസ് മേത്ത. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചു ഫോണുകളിലൊന്നാണ് എ.പി. രാജീവന്റെ കൈവശമെത്തിയത്.
വിവാദം കടുത്തതോടെ സിം മാറ്റി, രേഖകളെല്ലാം മായ്ച്ചുകളഞ്ഞാണ് ഹൗസ് കീപ്പിങ് വിഭാഗത്തെ രാജീവന്‍ ഐ ഫോണ്‍ ഏല്‍പിച്ചത്. ഹൈസ് കീപ്പിങ് വിഭാഗം അഡീഷണല്‍ സെക്രട്ടറി ഫോണിന്റെ വിശദാശങ്ങള്‍ രേഖപ്പെടുത്തി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറിയേറ്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നരിയാതെ കുഴങ്ങിയിരിക്കുകയാണ് ചീഫ് സെക്രട്ടറി.
1960 ലെ സര്‍ക്കാര്‍ സര്‍വീസ് റൂള്‍ 6 അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരോ കുടുംബാംഗങ്ങളോ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാരിതോഷികമോ ഇനാമോ സ്വീകരിക്കാന്‍ പാടില്ല. സര്‍വീസ് ചട്ടം ലംഘിച്ച് വാങ്ങിയ ഫോണ്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. മാത്രമല്ല രാജീവനെതിരെ വകുപ്പുതല നടപടിയും വന്നേക്കും. ഫോണ്‍ കൈപ്പറ്റാന്‍ വകുപ്പില്ലാത്തതിനാല്‍ രാജീവനു തന്നെ മടക്കി നല്‍കിയേക്കും.
സ്വപ്ന സമ്മാനം നല്‍കിയ അഞ്ചു ഫോണുകളില്‍ നാലെണ്ണം ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ കണ്ടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാജീവിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ലൈഫ്മിഷന്‍ പദ്ധതിയുടെ നിര്‍മാണകരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയുടെ കമ്മീഷനു പുറമേ 5 ഐ ഫോണുകളും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് വിവാദ ഫോണുകളിലൊന്നു അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറായ എ.പി രാജീവന്റെ കയ്യിലാണെന്നു പുറത്തു വന്നത്.