അബുദാബി : ഐപിഎല്‍ രണ്ടാംപാദത്തില്‍ ആദ്യ രണ്ട് മത്സരത്തില്‍ വിജയം നേടിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് തിരിച്ചടി. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് മോര്‍ഗന് വിനയായത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടപ്രകാരം 24 ലക്ഷം രൂപയാണ് പിഴയടയ്‌ക്കേണ്ടത്. മറ്റുള്ള താരങ്ങള്‍ അവരുടെ മാച്ച് ഫീയുടെ 25 ശതമാനവും നല്‍കണം. ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ പിഴ ചുമത്തപ്പെടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് മോര്‍ഗന്‍. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും പിഴയുണ്ടായിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് സഞ്ജുവിന് വിനയായിരുന്നത്. 12 ലക്ഷമായിരുന്നു സഞ്ജുവിന് പിഴ.
മുംബൈക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത അനായാസം ജയിച്ചിരുന്നു. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. രാഹുല്‍ ത്രിപാഠി (പുറത്താവാതെ 74), വെങ്കടേഷ് അയ്യര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ കൊല്‍ക്കത്ത ആദ്യ നാലിലെത്തി. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ആറാം സ്ഥാനത്തേക്ക് വീണു. അഞ്ചാമതുള്ള രാജസ്ഥാന്‍ റോയല്‍സിനും എട്ട് പോയിന്റുണ്ട്.