ചണ്ഡീഗഢ്: ഇനി ആ സ്വപ്‌ന കിരീടത്തിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം കൂടെ. പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ആർ.സി.ബി ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 101 റൺസിന് എറിഞ്ഞിട്ട ബംഗളൂരു പത്തോവറിൽ കളി കയ്യിലാക്കുകയായിരുന്നു. ആർസിബിക്കായി ഫിൽ സാൾട്ട് അർധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ബംഗളൂരു നായകൻ രജത് പഠീധാറിന്റെ തീരുമാനങ്ങൾ ശരിവക്കും വിധമായിരുന്നു ബംഗളൂരു ബോളർമാരുടെ പ്രകടനം. പഞ്ചാബിനെ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ബോളർമാർ 14 ഓവറിൽ കാര്യം തീർത്തു.
26 റൺസെടുത്ത മാർകസ് സ്‌റ്റോയിനിസ് മാത്രമാണ് പഞ്ചാബിനായി അൽപമെങ്കിലും പൊരുതി നോക്കിയത്. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ കൂടാരം കയറി. ബംഗളൂരുവിനായി ഹേസൽവുഡും സുയാഷ് ശർമയും മൂന്ന് വിക്കറ്റ് വീതം പോക്കറ്റിലാക്കിയപ്പോൾ യാഷ് ദയാൽ രണ്ട് വിക്കറ്റ് പിഴുതു.മറുപടി ബാറ്റിങ്ങിൽ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. വിരാട് കോഹ്ലി നാലാം ഓവറിൽ പുറത്തായെങ്കിലും പിന്നീടെത്തിയ മായങ്ക് അഗർവാളിനേും രജത് പഠിധാറിനേയും കൂട്ട് പിടിച്ച് സാൾട്ട് ബംഗളൂരുവിനെ പത്തോവറിൽ വിജയ തീരമണച്ചു. സാൾട്ട് 27 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ആറ് ഫോറിന്റേയും അകമ്പടിയിൽ 56 റൺസാണെടുത്തത്.