ന്യൂഡൽഹി: സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ തോൽവിക്ക് അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പകരംവീട്ടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറിയുമായി(47 പന്തിൽ 73) പുറത്താകാതെ നിന്ന ക്രുണാൽ പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടേയും(47 പന്തിൽ 51) ബാറ്റിങ് മികവിലാണ് ആർസിബി സീസണിലെ ഏഴാം ജയം നേടിയത്. തുടക്കത്തിലേറ്റ വലിയ തിരിച്ചടിക്ക് ശേഷമാണ് ക്രുണാൽ-കോഹ്‌ലി സഖ്യം ടീമിനെ വിജയതീരത്തെത്തിച്ചത്. ഡൽഹിക്കായി ക്യാപ്റ്റൻ അക്‌സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഡൽഹി ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിയുടെ തുടക്കം മികച്ചതായില്ല. ഓപ്പണർ ജേക്കബ് ബേത്തലിനെയും (6 പന്തിൽ 12), വൺഡൗൺ ബാറ്റർ ദേവ്ദത്ത് പടിക്കലിനെയും (2 പന്തിൽ 0), ക്യാപ്റ്റൻ രജത് പാടിദാറിനെയും (6 പന്തിൽ 6) നഷ്ടമായതോടെ ഒരു വേള 26-3 എന്ന നിലയിലായി സന്ദർശകർ. എന്നാൽ നാലാമനായി സ്ഥാനകയറ്റം ലഭിച്ച് ക്രീസിലെത്തിയ ക്രുണാൽ പാണ്ഡ്യ അവസരത്തിനൊത്തുയർന്നതോടെ ടീമിന് കാര്യങ്ങൾ എളുപ്പമായി. കോഹ്ലിക്കൊപ്പം ചേർന്ന് കരുതലോടെ ബാറ്റുവീശിയ ഓൾറൗണ്ടർ മധ്യഓവറുകളിൽ ഡൽഹി സ്പിന്നർമാരെ അനായാസം നേരിട്ടതോടെ കളി ആതിഥേയർക്ക് കൈവിട്ടു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ. കെ എൽ രാഹുൽ 39 പന്തിൽ 41 റൺസെടുത്തു. അവസാന ഓവറുകളിൽ ട്രിസ്റ്റൺ സ്റ്റബ്സ് (18 പന്തിൽ 34) തകർത്തടിച്ചതോടെയാണ് ഭേദപ്പെട്ട സ്‌കോറിലെത്താനായത്. പരിക്ക്മാറി മടങ്ങിയെത്തിയ ഫാഫ് ഡുപ്ലസിസ് 22 റൺസിൽ മടങ്ങിയപ്പോൾ 15 റൺസാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേലിൻറെ സമ്പാദ്യം. ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്നും ജോഷ് ഹേസൽവുഡ് രണ്ടും വിക്കറ്റുകളുമായി തിളങ്ങി. ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ തലപ്പത്തെത്തി.