ലക്നോ: നോയിഡയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഇറാനിയൻ യുവതി കുത്തേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. സീനത്ത് (22)ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഡൽഹിയിലെ ഇറാനിയൻ ഏംബസിയെയും പോലീസ് വിവരം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയിഡയിലെ സെക്ടർ 116ലുള്ള വ്യത്യസ്ത അപ്പാർട്ട്മെന്റുകളിലാണ് യുവതിയുടെ കുടുംബവും ബന്ധുക്കളും താമസിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഫിറോസ് തുണി വ്യാപാരിയാണ്. ഈ അപ്പാർട്ട്മെന്റിലെ രണ്ടും മൂന്നും നിലകളിൽ ഫിറോസിന്റെ ബന്ധുക്കളായ ഇമ്രാൻ ഹാഷ്മിയും അസ്ലമും കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും ഫിറോസുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇമ്രാൻ, സീനത്തിനെ മർദിക്കുകയും കുത്തുകയുമായിരുന്നു.
യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ടവരുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സെഹ്റ, സറീന, സീരത്ത്, ഫർഷിദ് എന്നീ നാല് വനിതകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.