മോക്ഷം നല്കുന്ന പുണ്യഭൂമിയാണ് വിശ്വാസികൾക്ക് കാശിയും അയോദ്ധ്യയും. വിശ്വാസങ്ങളുടെ കേന്ദ്രമാണ് പ്രയാഗ്രാജും സാരാനാഥും. ഒരിക്കലെങ്കിലും ഈ ഇടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? വിശ്വാസവും സംസ്കാരവും സമാസമം നിൽക്കുന്ന ആത്മീയതയുടെ മറ്റൊരു ലോകം തുറന്നുകാട്ടുന്ന വടക്കേ ഇന്ത്യയിലേക്ക് പോയാലോ? ഇങ്ങനെയൊരു യാത്ര മനസ്സിലുണ്ടെങ്കിൽ അത് പൂർത്തിയാക്കാനുള്ള സമയമിതാ അടുത്തിരിക്കുകയാണ്. ഐആർസിടിസി ബാംഗ്ലൂരിൽ നിന്നും നടത്തുന്ന ഹോളി അയോധ്യ വിത്ത് ഗയ, കാശി, പ്രയാഗ്രാജ് പാക്കേജ് നിങ്ങൾക്ക് പോകാൻ സാധിക്കുന്നതിൽ ഏറ്റവും മികച്ച തീർത്ഥാടന പാക്കേജുകളിലൊന്നാണ്. ആറ് പകലും അഞ്ച് രാത്രിയും ചെലവഴിച്ചുള്ള യാത്രയിൽ നിങ്ങൾ ഒന്നിനേയും കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്നതാണ് പ്രധാന കാര്യം.
ബംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് രാവിലെ 5.10ന് യാത്ര ആരംഭിക്കും. തുടർന്ന് 7.50ന് വാരണാസിയിൽ എത്തി നേരേ ബോധ്ഗയയിലേക്ക് പോയി മഹാബോധി ക്ഷേത്രം സന്ദർശിക്കും. ബോധ്ഗയയിൽ തന്നെ രാത്രി താമസം. രണ്ടാം ദിവസം വിഷ്ണുപദ് ക്ഷേത്ര സന്ദർശനവും തുടർന്ന് ഗയയിലെ കാഴ്ചകൾ കണ്ട് വാരണാസിയിലേക്ക് പോകുന്ന വിധത്തിയാണ് യാത്ര. മൂന്നാം ദിവസം രാവിലെ കാശി യാത്ര ആരംഭിക്കും. പുലർച്ചെ കാശി വിശ്വനാഥ ക്ഷേത്രം, അന്നപൂർണ്ണ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് സാരാനാഥിലേക്ക് പോകും. വൈകുന്നേരം ഗംഗാ ആരതി കണ്ടുകഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങും. നാലാം ദിവസം അയോധ്യയിലേക്കാണ് പോകുന്നത്. അയോധ്യയിലെ രാമജന്മ ഭൂമി, ലക്ഷ്മണൺ ഘാട്ട്, കാലാ രാം ക്ഷേത്രം, കനക് ഭവൻ എന്നിവിടങ്ങള്‍ സന്ദർശിച്ച് അന്ന് അയോദ്ധ്യയില്‍ തങ്ങും. അഞ്ചാം ദിവസം നേരെ പ്രയാഗ്രാജിലേക്ക് പോകും. വൈകിട്ട് ത്രിവേണി സംഗമം, ഇലഹബാദ് കോട്ട, പാതാൾപുരി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഹോട്ടലിലേക്ക് മടങ്ങും. ആറാം ദിവസം ഉച്ചയോടെ പ്രയാഗ്രാജിൽ നിന്ന് വാരണാസിയിലേക്ക് മടങ്ങും. രാത്രി 9.10ന് വാരണാസിയിൽ നിന്നു കയറി 11.40ന് ബംഗ്ലൂരിൽ മടങ്ങിയെത്തും.
ബംഗളുരു – വാരണാസി യാത്ര സെപ്റ്റംബർ 16 ശനിയാഴ്ച പുറപ്പെട്ട് 21 വ്യാഴാഴ്ച തിരികെയെത്തും. സിംഗിൾ ഒക്യൂപൻസിയിൽ 42,970/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 34,820/- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക് 32,990/-രൂപ, 5-11 പ്രായത്തിൽ ബെഡ് വേണ്ട കുട്ടികൾക്ക് 28,600/- രൂപ, ബെഡ് വേണ്ടെങ്കിൽ 22,790/- രൂപ, 2-4 പ്രായത്തിലുള്ള കുഞ്ഞിന് 21,800/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്,