പത്തനംതിട്ട : 1996 ൽ ഗസറ്റ് വിജ്ഞാപന പ്രകാരം 27 സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ ഏറ്റെടുത്ത 1.89.65 ആർ വസ്തുവിൽ സുബല പാർക്കിന്റെ നിർമ്മാണം ആരംഭിച്ചത് 2017 ആഗസ്റ്റ് 10 മുതലെന്നു വിവരാവകാശരേഖ. എംഎൽഎമാരോ എം പി മാരോ കേന്ദ്രസർക്കാരോ സുബല പാർക്ക് നിർമ്മാണത്തിനുവേണ്ടി തുക അനുവദിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച 1,77, 31,294 മാത്രമേ നിർമ്മാണത്തിന് വേണ്ടി നാളിതുവരെ ചെലവായിട്ടുള്ളുവെന്നും മറുപടിയിൽ പറയുന്നു.
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ജില്ലാ കളക്ടറേറ്റ് ജില്ലാ പട്ടികജാതി ഓഫീസ് പത്തനംതിട്ട വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
2021 ഫെബ്രുവരി 17ന് അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലൻ സുബല പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുവെങ്കിലും നാളിതുവരെ പണി പൂർത്തീകരിച്ചിട്ടില്ല. സുബല പാർക്കിന്റെ മേൽനോട്ടം ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പ്ലാനിങ് ഓഫീസർ മെമ്പർ സെക്രട്ടറിയായും ഫിനാൻസ് ഓഫീസർ ട്രഷററുമായ കമ്മിറ്റിക്കാണ്. സുബല പാർക്കിനുള്ള തയ്യൽ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങിയതിന്റെ വിവരങ്ങൾ ലഭ്യമല്ല എന്നും മറുപടിയിൽ പറയുന്നു. സുബലാ പാർക്കിന്റെ നിർമ്മാണത്തിനായി തടസ്സമായി യാതൊരു രേഖയും ഇല്ല. ഉദയകുമാർ, കൃഷ്ണൻ നായർ, യോഹന്നാൻ, ആദർശ് പി ജോൺ, ആർ ഇന്ദിര ഭായി, കെ ഇ തോമസ്, ഷിബു മാത്യു, തോമസ് സാമുവൽ, സുനിൽ എം തോമസ്, ഇസുമാൻ പിള്ള ബീവി, മുസ്തഫ, മോഹനൻ നായർ, നാരായണി അമ്മ, കാർത്യാനി അമ്മ, രാഘവൻ നായർ, ഗീവർഗീസ് കോശി, എബ്രഹാം ജോസഫ്, വർഗീസ് കോശി എന്നിവരുടെ വസ്തുക്കളാണ് സുബല പാർക്കിന്റെ നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്തത്. ഇവർക്കെല്ലാം സർക്കാർ പൊന്നും വിലയായി 6, 75,026 രൂപയും നൽകി കഴിഞ്ഞു.
ഈ വസ്തുവിന്റെ നിയന്ത്രണം ഇപ്പോൾ പട്ടികജാതി വകുപ്പിൽ ആണെന്നും വിവരാവകാശ നിയമം പറയുന്നു. സുബല പാർക്കിനുവേണ്ടി നാളിതുവരെ ചെലവായ കണക്കുകൾ നൽകാൻ കഴിയില്ല എന്നാണ് നിർമ്മിതി കേന്ദ്രം പറയുന്നത്. ജില്ലാ കളക്ടർ ചെയർമാനായ നിർമിതി കേന്ദ്രം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാരണം പറഞ്ഞാണ് റഷീദിന്റെ ആവശ്യം നിർമ്മിതികേന്ദ്രം നിരസിച്ചിരിക്കുന്നത്.
എന്നാൽ ലഭിച്ച വിവരാവകാശ രേഖയിൽ പലതും കളവാണെന്നും അതിനെതിരെ അപ്പീൽ നൽകുമെന്നും റഷീദ് ആനപ്പാറ പറഞ്ഞു. 1996 നു ശേഷം സുബലാ പാർക്ക് നിർമ്മാണം ആരംഭിച്ചതാണ്. എന്നാൽ മറുപടിയിൽ 2017 ലാണ് ആരംഭിച്ചത് എന്ന് പറയുന്നു. സുബലാ പാർക്കിനുള്ളിൽ ഉള്ള തയ്യൽ മിഷൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങിയതിന്റെ രേഖകൾ ഇല്ല എന്ന മറുപടിയും അപൂർണ്ണമാണെന്നും റഷീദ് ആനപ്പാറ പറഞ്ഞു. സർക്കാർ ഫണ്ട് വാങ്ങുന്ന നിർമ്മിതി കേന്ദ്രം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന് പറയുന്നത് തൃപ്തികരമല്ലെന്നും റഷീദ് ആനപ്പാറ വ്യക്തമാക്കി.