ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ഇയാള്‍ മതപരിവര്‍ത്തനം നടത്തിയ ശേഷമാണ് ഐഎസില്‍ ചേര്‍ന്നത്.
അബൂബക്കര്‍ അല്‍ ഹിന്ദി എന്നയാളുടെ പേരാണ് ഐഎസിന്റെ രക്തസാക്ഷി പട്ടികയിലുള്ളത്. എന്നാല്‍ ഇയാളുടെ യഥാര്‍ത്ഥ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചത്. വിദേശത്തേയ്ക്ക് ജോലിയ്ക്ക് പോകുന്നതിന് മുമ്പ് ബംഗളൂരുവിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഐഎസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ആഫ്രിക്കന്‍ വന്‍കരയില്‍ കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് അബൂബക്കര്‍ അല്‍ ഹിന്ദി.
വിദേശത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ച ഒരു ലഘുലേഖയാണ് അബൂബക്കര്‍ അല്‍ ഹിന്ദിയെ ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിച്ചത്. ഇസ്ലാം മതവിശ്വാസികള്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്ന് ലഘുലേഖയില്‍ കണ്ടെത്തിയതോടെ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇയാള്‍ താത്പ്പര്യപ്പെട്ടതായും ഐഎസ് പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന മറ്റ് മലയാളികളെ പോലെ ഇയാളും ഹിജ്‌റ ചെയ്യാന്‍ താത്പ്പര്യപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ പേരുള്ളത് കൊണ്ട് തന്നെ ഇയാള്‍ എളുപ്പത്തില്‍ ലിബിയയില്‍ എത്തിയെന്നും ഐഎസ് അറിയിച്ചു.
ഐഎസ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയിലെ മലയാളിയെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അനേഷണം ആരംഭിച്ചു. ഇതുവരെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഐഎസ് പുറത്തുവിട്ട വിവരങ്ങളില്‍ ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും അഫ്ഗാനിസ്താനിലും സ്വാധീനം നഷ്ടപ്പെട്ട ഐഎസ് ആഫ്രിക്കയിലേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.