കോഴഞ്ചേരി : ആറന്മുള ക്ഷേത്ര നഗരത്തിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വികസനത്തിനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും ത്രിതല പഞ്ചായത്തുകളും ആഗോള ഏജന്‍സി ആയ യു എന്‍ ഡി പി യും പ്രഖ്യാപിച്ചത് കോടികളാണ്. ആറന്മുളയിലെ മാലിന്യം ഇപ്പോഴും രാത്രിയുടെ മറവിലാണ് നീക്കുന്നത്. നിരവധി തവണ ആറന്മുളയുടെ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ആറന്മുളയില്‍ പാര്‍ക്കിങ്ങിന് വാഹനങ്ങള്‍ നട്ടംതിരിയുകയാണ്. പണം കൊടുത്ത് പാര്‍ക്ക് ചെയ്യുന്നതുള്‍പ്പെടെ കാര്യക്ഷമമായ ഒരു സംവിധാനവും നിലവിലില്ലാത്തതാണ് ഭക്‌തരെ വലയ്‌ക്കുന്നത്. കിഴക്കേനടയില്‍ പാര്‍ക്കിങ്ങിന് സ്‌ഥലം ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 30 ലക്ഷംരൂപ ചിലവില്‍ ബിഎം ആന്‍ഡ് ബിസി ടാറിങ്ങും കോണ്‍ക്രീറ്റ് വര്‍ക്കും ചെയ്‌തെങ്കിലും പ്രയോജനം ലഭിക്കുന്നില്ല.
പൊതുമരാമത്ത് വകുപ്പിന്റെ സ്‌ഥലത്ത് ദേവസ്വം കടകള്‍ ലേലം ചെയ്‌ത് നല്‍കിയത് നേരത്തേ വിവാദമായിരുന്നു. ഇപ്പോള്‍ കടകള്‍ ഒഴിപ്പിച്ചെങ്കിലും സ്‌ഥലം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ വ്യാപാരികളും അവരവരുടെ കടകളുടെ മുന്‍പിലുള്ള റോഡ് വടം കെട്ടി എടുത്തിരിക്കുകയാണ്. ഇതോടെ കിഴക്കേ നടയില്‍ പുറമെ നിന്നുള്ളവര്‍ക്ക് പാര്‍ക്കിങ്ങിന് യാതൊരു സൗകര്യവുമില്ല. പാര്‍ക്കിങ്ങിന് പ്രയോജനപ്പെടുത്താവുന്ന സ്‌ഥലങ്ങള്‍ പലതും പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന തരത്തില്‍ പേ ആന്‍ഡ് പാര്‍ക്കായി കൊടുക്കാമെങ്കിലും അതിനുള്ള ശ്രമമില്ല.