തിരുവനന്തപുരം : ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനുള്ള നീക്കമാണ് കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്ന ഒരു സ്വതന്ത്ര മാധ്യമമാണ് മറുനാടന്‍ മലയാളി. ദിനപ്പത്രങ്ങളും ചാനലുകളും കൊടുക്കാന്‍ മടിക്കുന്ന പല വാര്‍ത്തകളും സധൈര്യം അവതരിപ്പിച്ചതിലൂടെ ജനങ്ങള്‍ നെഞ്ചിലേറ്റിയ മാധ്യമമായിരുന്നു മറുനാടന്‍ മലയാളി. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ ഒരു മാധ്യമം. എന്നാല്‍ ചില തുറന്നുപറച്ചിലുകളുടെ പേരില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഇന്ന് മറുനാടന്‍ മലയാളി. അന്ത്യമില്ലാത്ത ഒളിയമ്പുകള്‍ക്ക് പുറമെയാണ് മറുനാടന്റെ കൊച്ചി ഓഫീസിലെ പോലീസ് റെയ്‌ഡ്. എന്നാല്‍ വെറുമൊരു റെയ്‌ഡ് കൊണ്ടൊന്നും ഇത് അവസാനിക്കുന്നില്ല. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയ്‌ക്ക് പുറമെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍പോലും പിടിച്ചെടുക്കുന്നു, കൂടാതെ ജീവനക്കാരുടെ വീടുകളില്‍വരെ പരിശോധന നടത്തുന്നു. ജീവനക്കാരെ ഭയപ്പെടുത്തി മറുനാടനില്‍ നിന്ന് ഓടിക്കാം എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
ഇതിനിടയില്‍ കൊല്ലത്ത് ശ്യാം എന്ന മറുനാടന്റെ റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യാനായി പോലീസ് കസ്‌റ്റഡിയിലെടുത്തുവെന്നാണ് വിവരം. കസ്‌റ്റഡിയിലെടുത്തില്ലെന്നും ശ്യാമിനെ മൊഴി എടുക്കാനാണ് വിളിപ്പിച്ചതെന്നുമാണ് പോലീസിന്റെ പക്ഷം. പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്ക് എതിരായ വാര്‍ത്തയുടെ ഉറവിടം തേടിയാണ് പോലീസിന്റെ പരിശോധന എന്നതാണ് വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഒരു കടന്നുകയറ്റമായി മാത്രമെ ഇതിനെ കാണുവാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ ഭരണകാലത്തും നേതൃനിരയില്‍ ഇരിക്കുന്നവരെക്കുറിച്ച് ആരോപണങ്ങള്‍ വാര്‍ത്തകളായി പ്രചരിച്ചിരുന്നു എന്നത് വസ്‌തുതയാണ്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യമെന്തെന്ന് ജനങ്ങളെ മനസിലാക്കുന്നതിന് പകരം വാളെടുക്കുന്ന സിപിഎം നയമാണ് മറുനാടന്റെ കാര്യത്തിലും വ്യക്തമാകുന്നത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അടിച്ചമര്‍ത്തലിലൂടെയാണ് നിലവില്‍ മാധ്യമങ്ങള്‍ കടന്നുപോകുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ കുറ്റം സമ്മതിച്ച കെ വിദ്യയോടുള്ള പോലീസിന്റെ സൗമ്യ ഇടപെടലുകള്‍ മലയാളി സാക്ഷ്യം വഹിച്ചതാണ്. അതെല്ലാം മറന്നുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗത്തിന് നേരെയുള്ള പിണറായി പോലീസിന്റെ കടന്നുകയറ്റം. വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് നിയമപരമായി തെളിയിക്കുന്നതിന് പകരം തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവരുടെ വായ അടപ്പിക്കുവാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
തങ്ങളുടെ സര്‍ക്കാര്‍ അധികാരക്കസേരയില്‍ ഇരിക്കുമ്പോള്‍ തങ്ങള്‍ക്ക് സ്‌തുതി പാടുന്ന ശബ്‌ദങ്ങള്‍ മാത്രം മുഴങ്ങിക്കേട്ടാല്‍ മതിയെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ശാഠ്യമായി മാത്രമെ ഇതിനെ കാണാനാവു. ഇത് ഒരു ജനാധിപത്യ രാജ്യമാണെന്ന വസ്‌തുത ഇവര്‍ മറുന്നുപോകുന്നു. പലപ്പോഴും ഉത്തര കൊറിയന്‍ മോഡലിലേയ്‌ക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ഉയരുന്നു. ഷാജന്‍ സ്‌കറിയ എത്ര തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞാലും അത് തെളിയിക്കാന്‍ ശ്രമിക്കുന്നതിലുപരി ഒരു മാധ്യമപ്രവര്‍ത്തകന് മേലുള്ള കടന്നുകയറ്റമായി മാത്രമെ ഇത് കാണുവാന്‍ കഴിയൂ. ഇന്ത്യ പോലൊരു രാജ്യത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമാണ് മറുനാടന്‍ എന്നതിന് തെളിവാണ് ജനങ്ങള്‍ നല്‍കുന്ന പിന്തുണ.