സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. വിലകൂടിയ ക്യാമറകൾ വാങ്ങാൻ ശേഷിയില്ലെങ്കിലും ഇന്ന് വിഷമിക്കേണ്ട ആവശ്യമില്ല. പ്രൊഫഷണൽ ഡിജിറ്റൽ ക്യാമറകളോട് കിടപിടിക്കുന്ന ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ ഇന്ന് കൈയിലൊതുങ്ങുന്ന വിലയിൽ ലഭ്യമാണ്. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിരവധിപേർ മുഖ്യ പരിഗണന നൽകുന്നതും ക്യാമറ മികവിനാണ്. ഡിജിറ്റൽ ക്യാമറ നാം പോകുന്ന എല്ലായിടത്തും എപ്പോഴും എടുക്കാൻ പറ്റിയെന്നുവരില്ല. എന്നാൽ നല്ല ക്യാമറമികവുള്ള സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ അനായാസം പകർത്തി ഭാവിയിലേക്ക് ആ നിമിഷത്തെ കൂടെക്കൂട്ടാം. പക്ഷേ ഇത്തരത്തിൽ മികച്ച സ്മാർട്ട്ഫോൺ ക്യാമറകൾ വാങ്ങിയാൽ മാത്രം പോരാ അവ പരിചരിക്കുകയും വേണം. അപ്പോഴാകും പലരും ലെൻസിലേക്ക് നോക്കുക. പിന്നീട് നല്ലൊരു തുണിയെടുത്ത് പൊടി തുടച്ചു നീക്കും.
ലെൻസിലെ പൊടി പോകുകയും എല്ലാം ക്ലിയർ ആകുകയും ചെയ്യും എന്നാണ് പലരും ധരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പലപ്പോഴും ലെൻസിൽ പോറൽ വീഴുന്നതിന് കാരണമാകും. ശരിയായ രീതിയിൽ സ്മാർട്ട്ഫോൺ ക്യാമറകളുടെ ലെൻസ് വൃത്തിയാക്കുക എങ്ങനെയാണ് എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരമാകാൻ കഴിയുന്ന ചില സ്മാർട്ട്ഫോൺ ക്യാമറ ക്ലീനിങ് രീതികൾ ഇവിടെ പരിചയപ്പെടാം. പൊടി നീക്കം ചെയ്യാൻ ക്ലീനിങ് പെൻ ഉപയോഗിക്കുക. സ്മാർട്ട്ഫോൺ ലെൻസുകളുടെ ഏറ്റവും വലിയ ശത്രുവാണ് പൊടി. പൊടി പിടിച്ച ലെൻസുകൾ ക്ലീൻ ചെയ്യാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ അതേ പോലെ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക. ക്ലീനിങ് പെന്നുകൾ പല ആകൃതികളിലും ഷെയ്പ്പുകളിലും വരുന്നു.
ചില ക്ലീനിങ് പെന്നുകളിൽ അതിലോലമായ നാരുകളായിരിക്കും ഉണ്ടാകുക. മറ്റുള്ളവയിൽ കട്ടി കൂടിയ കൂടുതൽ പ്ലഫി ആയ ബ്രഷ് എൻഡ്സും ഉണ്ടാകും. അനുയോജ്യമായവ സെലക്റ്റ് ചെയ്ത് ഉപയോഗിക്കുക. ക്ലീനിങ് പെൻ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ വൃത്തിയുള്ളതും മൃദുവായതുമായ മേക്കപ്പ് ബ്രഷും ക്യാമറ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ക്യാമറ ലെൻസുകളിൽ വിരൽപ്പാടുകൾ പതിഞ്ഞും അവ മങ്ങാറുണ്ട്. മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് അവ വൃത്തിയായി ക്ലീൻ ചെയ്യാൻ കഴിയും. ഒരു തരത്തിലുള്ള പാടുകളും ഇല്ലാതെ സ്മഡ്ജുകളും മറ്റ് പാടുകളും നീക്കം ചെയ്യാൻ മൈക്രോഫൈബർ ക്ലോത്തുകൾക്ക് കഴിയും. ടിഷ്യൂ പേപ്പറുകൾ പോലെയുള്ളവ ഉപയോഗിച്ചാൽ പൊടി പടലങ്ങൾ ബാക്കിയാകും. നമ്മുടെ പക്കൽ മൈക്രോ ഫൈബർ ക്ലോത്ത് ഇല്ലെങ്കിൽ പകരം മൃദുവായ ക്ലോത്തും ഉപയോഗിക്കാം. എന്നാൽ ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് അവ കഴുകിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.
എണ്ണമയവും കട്ടിപിടിച്ച അഴുക്കും കളയാൻ ആഹാര സാധനങ്ങൾ കഴിച്ചിട്ട് ക്യാമറ ലെൻസിൽ പിടിക്കുന്നത് അവയിൽ എണ്ണമയം പറ്റിയിരിക്കാൻ കാരണമാകാറുണ്ട്. അതുപോലെ കട്ടിപിടിച്ച ഗ്രീസിയായ അഴുക്കുകളും ലെൻസിൽ അടിഞ്ഞുകൂടാറുണ്ട്. ഇവ പലപ്പോഴും തുണി ഉപയോഗിച്ച് തുടച്ചാലും പോകില്ല. ലെൻസിന്റെ വശങ്ങളിലും മറ്റും ഉറച്ചിരിക്കുന്ന അഴുക്കുകൾ കളയാൻ ലെൻസ് വൈപ്പുകളാണ് ഏറ്റവും അനുയോജ്യം. കട്ടി കൂടിയ പശപ്പുള്ള അഴുക്കുകളും മറ്റും കളയാൻ വേണ്ടിയാണ് ലെൻസ് വൈപ്പുകൾ ഉപയോഗിക്കുന്നത്. ലെൻസ് വൈപ്പുകളിലുണ്ടാകുന്ന ലെൻസ് ക്ലീനേഴ്സ് ആണ് ഇത്തരം അഴുക്കുകൾക്കെതിരെ ലെൻസ് വൈപ്പുകളെ കൂടുതൽ എഫക്ടീവ് ആക്കുന്നത്. എല്ലാ വൈപ്പുകളും ലെൻസ് വൈപ്പുകളല്ല എന്ന കാര്യം പ്രത്യേകം ഓർത്തിരിക്കണം. ഒരു ലെൻസ് ക്ലീനർ കാശ് കൊടുത്ത വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് ലെൻസ് ക്ലീനർ സ്വയം നിർമ്മിക്കാം. ഇതിന് 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോളും ഡിസ്റ്റിൽഡ് വാട്ടറും 50:50 അനുപാതത്തിൽ മിക്സ് ചെയ്താൽ മതിയാകും. സ്മിയർ ഫ്രീ ഫിനിഷ് വേണമെന്നുള്ളവർ ടാപ്പ് വെള്ളം ഉപയോഗിക്കരുത്.
ലെൻസിനുള്ളിൽ കയറിക്കൂടുന്ന ജലാംശം നീക്കം ചെയ്യുന്നത് എങ്ങനെ : എല്ലാ സ്മാർട്ട്ഫോണുകളിലും ഐപി റേറ്റിങ് ഫീച്ചർ ഉണ്ടാകാറില്ല. ഫോണിന്റെ ലെൻസിനുള്ളിൽ മഞ്ഞ് പോലെ കാണാമെങ്കിൽ അതിനർഥം നിങ്ങളുടെ ക്യാമറ മൊഡ്യൂളിനുള്ളിൽ ഈർപ്പം കയറിയെന്നാണ്. ഈർപ്പം ഘനീഭവിച്ച് വെള്ളത്തുള്ളികളായി ലെൻസിൽ പറ്റിയിരിക്കുന്നതാണ് മഞ്ഞ് പോലെ കാണാൻ കഴിയുന്നത്. ഫോൺ ഉണക്കിയെടുക്കുന്നതാണ് ഇതിനുള്ള പരിഹാരം. സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം എയർടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്സുകളിലോ വെയ്ക്കുന്നത് ഉപകരിക്കും. ഇങ്ങനെ 24 മണിക്കൂർ എങ്കിലും സൂക്ഷിക്കണമെന്ന് മാത്രം. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കണം. നമ്മൾ കരുതുന്നതിലും വെള്ളം ഉള്ളിലേക്ക് കയറിയിട്ടുണ്ടെങ്കിൽ ഡിവൈസ് നശിക്കാതിരിക്കാൻ വേണ്ടിയാണിത്. ഈർപ്പം കളയാനായി ഫോൺ അടുപ്പിന്റെയും റേഡിയേറ്ററിന്റെയും സൈഡിൽ കൊണ്ട് വെയ്ക്കുക പോലുള്ള കാര്യങ്ങൾ ചെയ്യരുത്. കൂടിയ താപനില ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യും. സിലിക്കജെൽ വിജയിച്ചില്ലെങ്കിൽ ഫോൺ സർവീസ് സെന്ററിലേക്ക് കൊണ്ട് പോകുക. സ്വയം റിപ്പയർ ചെയ്ത് കൂടുതൽ പരുക്ക് ഏൽപ്പിക്കുന്നതിലും നല്ലത് അതാണ്.