തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാരാമൺ കൺവെൻഷനിലേക്ക് ക്ഷണിച്ചുവെന്നും ഇല്ലെന്നുമുള്ള വിവാദം അവസാനിപ്പിക്കാൻ മർത്തോമ്മാസഭ ക്ഷമാപണവുമായി രംഗത്ത്. കൺവെൻഷനിലെ യുവവേദിയിൽ പങ്കെടുക്കാൻ സമയം മാറ്റിവെയ്ക്കണമെന്ന് യുവജനസഖ്യം സെക്രട്ടറി റവ. ബിനോയ് ദാനിയേൽ സതീശനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോൾ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് വിവാദമായ വിഷയത്തിലാണ് സഭ ഔദ്യോഗികമായി പ്രതിപക്ഷനേതാവിന്റെ ഓഫീസിലെത്തി അദ്ദേഹത്തോട് ക്ഷമ പറഞ്ഞത്. തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഡോ. ഐസക് മാർ പീലക്സിനോസും സഭാ കൗൺസിൽ അംഗം ഏബ്രഹാം തോമസ് പനച്ചമൂട്ടിലുമാണ് കഴിഞ്ഞ ദിവസം കന്റോൺമെന്റ് ഹൗസിലെത്തി സതീശനോട് വിഷയത്തിൽ ഖേദപ്രകടനം നടത്തിയത്.
മാരാമൺ കണവെൻഷനിലേക്ക് ക്ഷണിച്ച ശേഷം പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയ സംഭവം വിവാദമായതോടെ ഈ മാസം പുറത്തിറങ്ങിയ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിൽ സതീശനെ ക്ഷണിച്ചിട്ടില്ലെന്ന് സഭാ മേലധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് ഭദ്രാസന മെത്രാപ്പൊലീത്ത നേരിട്ടെത്തി വിഷയത്തിൽ മാപ്പ് പറഞ്ഞത്. വിഷയത്തിൽ വിശ്വാസികൾക്കിടയിലും അമർഷം പുകയുകയാണ്. ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടിയിലൂടെ സഭയുടെ യശസിന് മങ്ങലേറ്റുവെന്നാണ് ചില വിശ്വാസികൾ പങ്ക്‌വെയ്ക്കുന്ന വികാരം. പ്രതിപക്ഷനേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ച് അപമാനിച്ചതിൽ സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ. പിജെ കുര്യൻ സഭയുടെ നിലപാടിനോട് വിയോജിച്ച് രംഗത്ത് വന്നിരുന്നു.