തെഹ്റാൻ: വെടി നിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും. വെടിനിർത്തൽ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ റേഡിയോയും വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിർത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇറാനാണ് ആദ്യം വെടിനിർത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.വെടിനിർത്തൽ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിൻറെ അവകാശവാദം.യു എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു. അതേസമയം വെടിനിർത്തലിൻറെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണ്.