ജറുസലേം : ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന് അയവുവരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു കളമൊരുങ്ങുന്നത്. കരാര്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ രണ്ടു പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഈജിപ്ത് അറിയിച്ചു.
എന്നാല്‍ ”വിരലുകള്‍ ഇപ്പോഴും കാഞ്ചിയുടെ തുമ്പത്തു” തന്നെയുണ്ടെന്ന് ഹമാസ് മുന്നറിയിപ്പു നല്‍കി. ഇസ്രയേല്‍ ജറുസലേമില്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗാസാ മുനമ്പിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരം കാണണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 232 പലസ്തീനികള്‍ മരിച്ചിരുന്നു. തിരിച്ചുള്ള റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ 12 പേരാണു മരിച്ചത്.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനു കളമൊരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ 11 ദിവസമായി ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന പലസ്തീനികള്‍ ആഹ്‌ളാദാരവങ്ങളുമായി ഗാസയിലെ തെരുവിലിറങ്ങി. അധിനിവേശത്തിനു മേല്‍ ചെറുത്തുനില്‍പ്പിന്റെ വിജയം എന്ന് പള്ളികളിലെ ഉച്ചഭാഷിണികള്‍ ഉദ്‌ഘോഷിച്ചു. കാറുകളില്‍ പലസ്തീന്‍ കൊടികളുമായി ആളുകള്‍ ഹോണ്‍ മുഴക്കി തെരുവുകളില്‍ നിറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും ഇരുവിഭാഗവും മുന്നറിയിപ്പു നല്‍കി.
മേയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു തുടക്കമായത്. അല്‍ അഖ്‌സ പള്ളിയില്‍ ഉള്‍പ്പെടെ ജറുസലേമില്‍ ഇസ്രയേല്‍ പോലീസ് അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് പലസ്തീനികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും പരസ്പരം ആക്രമണം ആരംഭിച്ചു. 65 കുട്ടികള്‍ ഉള്‍പ്പെടെ 232 പലസ്തീനികള്‍ മരിച്ചുവെന്നാണ് ഗാസയിലെ ആരോഗ്യവകുപ്പ് അറിയിച്ചത്. 1,900 പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ 160 ഭീകരരെയാണ് തങ്ങള്‍ വധിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു.
ചെറുത്തുനില്‍പ്പിന്റെ വിജയം എന്നാണ് ഹമാസ് അവകാശപ്പെട്ടത്. പോരാട്ടം അവസാനിക്കുകയാണെങ്കിലും ഞങ്ങള്‍ എന്തിനും തയാറാണെന്ന് നെതന്യാഹുവും ലോകമാകെയും ഓര്‍ത്തിരിക്കണമെന്ന് ഹമാസ് അറിയിച്ചു. ചെറുത്തുനില്‍പ്പിനുള്ള സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ഇസ്സദ് എല്‍ റെഷീഖ് പറഞ്ഞു. ഏറ്റുമുട്ടല്‍ അവസാനിച്ചത് നല്ലതാണെങ്കിലും അടുത്തുതന്നെ അടുത്ത സംഘര്‍ഷം ആരംഭിക്കുമെന്ന് ഉറപ്പാണെന്നാണ് ഇസ്രയേലിലുള്ളവരുടെ പ്രതികരണം.