ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരയായവര്‍ക്ക് സഹായ വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്. തന്റെ സോഷ്യല്‍ മീഡിയ സൈറ്റായ എക്‌സിന്റെ പരസ്യ വരുമാനം യുദ്ധത്തില്‍ തകര്‍ന്ന ഗാസയ്ക്കും ഇസ്രായേലിലെ ആശുപത്രികള്‍ക്കും സംഭാവന ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു. ‘ പരസ്യങ്ങളില്‍ നിന്നും സബ്‌സ്‌ക്രിപ്ഷനുകളില്‍ നിന്നുമുള്ള വരുമാനം എക്‌സ് ഗാസയ്ക്കും ഇസ്രയേലിലെ ആശുപത്രികള്‍ക്കും ഗാസയിലെ റെഡ് ക്രോസ്/ക്രസന്റിനും സംഭാവന ചെയ്യും,’ മസ്‌ക് എക്‌സില്‍ അറിയിച്ചു. ഇസ്രയേല്‍ പ്രതിരോധ സേനയും ഹമാസും തമ്മില്‍ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം എത്തുന്നത്. ജനസാന്ദ്രതയേറിയ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 13,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ഉപകരണങ്ങളുടെ അഭാവം കാരണം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അതേസമയം ആശുപത്രികള്‍ ഉള്‍പ്പെടെ ഹമാസ് സൈനികര്‍ ഒളിച്ചിരിക്കുന്നതായാണ് ഇസ്രയേല്‍ ആരോപണം. എന്നാല്‍ ഇസ്രയേല്‍ ആരോപണം ഹമാസും ആശുപത്രി ജീവനക്കാരും നിഷേധിച്ചിട്ടുണ്ട്. യുദ്ധമേഖലയില്‍ ആശയവിനിമയ സംവിധാനങ്ങളായ ഇന്റര്‍നെറ്റ് അടക്കം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗാസയിലെ അംഗീകൃത സഹായ സംഘടനകള്‍ക്ക് സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി നല്‍കുമെന്ന് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വിദൂര സ്ഥലങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുന്നതിനായി മസ്‌കിന്റെ ബഹിരാകാശ വിമാന കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാര്‍ലിങ്ക്.