ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സേന. ഇന്നലെ മാത്രം കൊന്നുതള്ളിയത് 101 ഫലസ്തീനികളെ. ഗാസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗാസ്സയിൽ കൂട്ടക്കുരുതി തുടരുകയാണ് ഇസ്രായേൽ. ഭക്ഷണത്തിന് കാത്തുനിന്ന 51 പേർ ഉൾപ്പെടെ 101 ഫലസ്തീനികളെയാണ് ഒറ്റ ദിവസത്തിനുള്ളിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. 48 മണിക്കൂറിനിടെ 300ൽ ഏറെ പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടത്തുന്ന വിതരണ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ എന്ന വ്യാജേനയാണ് നിരപരാധികൾക്ക് നേരെയുള്ള വ്യാപക വെടിവെപ്പ്.
ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥികളുടെ തമ്പിൽ ബോംബിട്ട് 15 പേരെയും ഗാസ്സ സിറ്റിയിൽ അഭയാർഥി കേന്ദ്രമായ സ്കൂളിൽ 15 പേരെയും കൊലപ്പെടുത്തി. ഗാസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 57,033 ആയി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് വ്യാപക കുരുതി. 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്. പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ട ഹമാസ് വെടിനിർദേശം വിലയിരുത്തി വരികയാണ്. തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ ചർച്ച നടത്തും.