തെൽ അവീവ്: ഉപരോധിക്കപ്പെട്ട ഗാസ്സയിലെ പുതിയ ആക്രമണം ഹമാസിനെ പൂർണമായും പരാജയപ്പെടുത്താനുള്ള തീവ്രമായ സൈനിക നടപടിയായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എത്രത്തോളം പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല. ഗാസ്സയിലെ ഫലസ്തീനികളെ സുരക്ഷയ്ക്കു വേണ്ടി മാറ്റിപാർപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു. ഗാസ്സ ആക്രമണം വിപുലീകരിക്കുന്നതിനുള്ള പദ്ധതി അഭിസംബോധന ചെയ്ത് തിങ്കളാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരാമർശം. ഇസ്രായേൽ പട്ടാളം റെയ്ഡുകൾ നടത്തി തിരിച്ചു വരിക എന്നതല്ല മറിച്ച് പൂർണമായും അധികാരം സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
ഗാസ്സയിലെ ആക്രമണം വിപുലീകരിക്കാനും തകർന്നതും പട്ടിണി ബാധിച്ചതുമായ പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണമടക്കം ഏറ്റെടുക്കാനുമുള്ള പദ്ധതി ഇസ്രായേലിലെ രാഷ്ട്രീയ സൈനിക നേതാക്കൾ അംഗീകരിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഫലസ്തീനു മേലുള്ള ഇസ്രായേൽ ഉപരോധത്തിൽ ദുരിതമനുഭവിക്കുന്ന 2.3 ദശലക്ഷം ജനങ്ങൾക്ക് ഭക്ഷണവും മറ്റ് സുപ്രധാന സഹായങ്ങളും നൽകുന്നതിന് ഇസ്രായേൽ സൈന്യത്തെ ചുമതലപ്പെടുത്താനും റിസർവ് സൈനികരെ വിളിക്കാനുമുള്ള പദ്ധതികൾക്ക് നെതന്യാഹുവിന്റെ മന്ത്രിസഭ ഐക്യകണ്ഠേന അംഗീകാരം നൽകി. ഫലസ്തീനിൽ പതിനെട്ട് മാസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ആയിരക്കണക്കിന് കുട്ടികളുൾപ്പടെ 52,000 പേർ കൊല്ലപ്പെടുകയും ഏകദേശം 1,20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.