റാഫ: ഗാസയിൽ ഭക്ഷണം കാത്തുനിന്ന 34 പേരെ വെടിവെച്ചുകൊന്നതിൽ അന്താരാഷ്ട്രതലത്തിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങവേ, സമാനകൃത്യം ആവർത്തിച്ച് ഇസ്രയേൽ. തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 182 പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്. നിർദേശിച്ച വഴിയിൽനിന്ന് മാറി സൈന്യത്തിനുനേരേ നീങ്ങിയതിനാലാണ് സംശയം തോന്നി ഇവർക്കുനേരേ വെടിയുതിർത്തതെന്ന് ഇസ്രയേൽ പറഞ്ഞു. മുന്നറിയിപ്പുവെടി ഇവർ അവഗണിച്ചെന്നും ആരോപിച്ചു.
സംഭവത്തെ യുഎൻ മാനുഷികകാര്യവിഭാഗം അപലപിച്ചു. എന്നാൽ വിതരണകേന്ദ്രത്തിനടുത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. “ഒന്നുകിൽ പട്ടിണിയാൽ അല്ലെങ്കിൽ വെടിവെപ്പിൽ, എങ്ങനെയായാലും മരണം ഉറപ്പാണെ’’ന്ന്, ഭക്ഷണം വാങ്ങാൻ ഖാൻ യൂനിസിൽനിന്നെത്തിയ നെയ്‌മ അൽ അരാജ് പറഞ്ഞു. കഷ്ടപ്പെട്ട് കിലോമീറ്ററുകൾ താണ്ടി നെയ്‌മ കേന്ദ്രത്തിലെത്തിയപ്പോഴേക്കും ഭക്ഷണം തീർന്നിരുന്നു. വെടിവെപ്പുണ്ടായതിനാൽ അവർക്ക് തിരികെ പോകാനുമായില്ല. റാഫയിലെ ഭക്ഷണവിതരണകേന്ദ്രത്തിന് സമീപം ഞായറാഴ്ച ഇസ്രയേൽസൈന്യം നടത്തിയ വെടിവെപ്പിൽ 34 പേർ മരിച്ചിരുന്നു.