ടെഹ്‌റാൻ: ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും ഇറാൻ. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന ‘രഹസ്യങ്ങളുടെ ശേഖരം’ എന്നാണ് അവയെ വിശേഷിപ്പിച്ചത്. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് ഞായറാഴ്ച സ്റ്റേറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെല്ലുവിളി നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാൻ പുറത്തുവിട്ടിട്ടില്ല. ആണവ പദ്ധതി ആരോപിച്ച് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ യു.എന്നിൽ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ വെളിപ്പെടുത്തൽ. ആണവ നിലയങ്ങളെ കുറിച്ചുള്ളതടക്കം നിർണായകമായ വിവരങ്ങളാണ് തങ്ങൾ ചോർത്തിയതെന്നും അടുത്തിടെ അറസ്റ്റിലായ ഇസ്രയേൽ പൗരൻമാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നുമാണ് ഇറാൻ പറയുന്നത്.
”ഇറാന്റെ ഇന്റലിജൻസ് ടീമിൽ പെട്ടവർ ഇസ്രയേലിന്റെ തന്ത്രപരമായ വിവരങ്ങൾ നേടിയെടുത്തു. അത് ദൈവത്തിന്റെ സഹായത്തോടെ രാജ്യത്തേക്ക് മാറ്റി. ആയിരക്കണക്കിന് പേജുകളുള്ള രേഖകളാണ് ലഭിച്ചത്. അവ ഉടൻ പരസ്യമാക്കും”- ഖത്തീബ് അവകാശപ്പെട്ടു.യുഎസ്, യൂറോപ്പ്, മറ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഖത്തീബ് പറയുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തെ തർക്കം പരിഹരിക്കുന്നതിനായി അമേരിക്ക ഇപ്പോൾ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നിരുന്നാലും ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടിയെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.എന്നാൽ വിവരചോർച്ചയെ സംബന്ധിച്ച് ഇസ്രായേലിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വർഷം ഇസ്രായേലി ആണവ ഗവേഷണ കേന്ദ്രത്തിൽ നടന്ന ഒരു ഹാക്കിംഗുമായി ഈ വിവര ചോർച്ചയ്ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.