തിരുവനന്തപുരം : ‘കേരളീയം2023′ ഭാവി കേരളത്തിന് വഴി തുറക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കേരളീയം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിന്റെ ഭാവി വികസന സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും സോമനാഥ് പറഞ്ഞു. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളിലും വലിയ സംഭാവനകള്‍ നല്‍കാന്‍ കേരളത്തിന് കഴിയും. സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് പുതിയ പാത തുറക്കാന്‍ കേരളീയം 2023 ലൂടെ കഴിയും.’ കേരളീയത്തില്‍ നിന്ന് ഉയരുന്ന ചര്‍ച്ചകള്‍ പൊതുഇടങ്ങളിലെല്ലാം ചര്‍ച്ചയാവണമെന്നും അദ്ദേഹം പറഞ്ഞു.
സ്പേസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും സോമനാഥ് പറഞ്ഞു. ‘ഡോ. വിക്രം സാരാഭായ് തിരുവനന്തപുരത്തെ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ ആദ്യ ചുവടുവെയ്പുകള്‍ നടത്തിയ ശേഷമാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്. അവിടെ പ്രവര്‍ത്തിക്കാന്‍ തനിക്കും കഴിഞ്ഞു. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ സാധിച്ചു. ഒരു ഭാരത പൗരനെന്നതിലപ്പുറം കേരളീയന്‍ എന്ന നിലയിലും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താന്‍.’ കേരളത്തിന്റെ തനതായ നേട്ടങ്ങളില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ സമത്വം കൈവരിക്കുന്നതിലുമൊക്കെ നേടിയ പുരോഗതിയില്‍ ഏറെ അഭിമാനമുണ്ടെന്നും സോമനാഥ് പറഞ്ഞു.