കൊച്ചി : ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ആര്‍.ബി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കഴിഞ്ഞയാഴ്‌ച്ച വാദം കേള്‍ക്കവേ കോടതിയെ അറിയിച്ചിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വര്‍ഷത്തോളം തടസപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. കേസന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളത്. പ്രതികളായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, ആര്‍ബി ശ്രീകുമാര്‍, പിഎസ് ജയപ്രകാശ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി ഇന്നും പരിഗണിക്കുന്നത്. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പി നാരായണന്റേതുള്‍പ്പെടെയുള്ള മൊഴികളടങ്ങിയ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.