തിരുവനന്തപുരം : പി.ജി ഡോക്ടര്‍മാര്‍ ഏഴ് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പി.ജി ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ പി.ജി ബാച്ചിന്റെ പ്രവേശനം അനന്തമായി നീളുന്നതിനെതിരെ അനിശ്ചിതകാല സമരം തുടങ്ങി ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും കോവിഡ് ഡ്യൂട്ടിയൊഴികെ അത്യാഹിതമടക്കം മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു.
ഇക്കാര്യം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരുമായി മന്ത്രി ചര്‍ച്ചക്ക് തയാറായത്. പി.ജി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ആള്‍ക്ഷാമം കുറയ്ക്കുന്നതിനും ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. രണ്ട് ദിവസത്തിനകം പി.ജി ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് കണക്കെടുക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുകയെന്നും മന്ത്രി അറിയിച്ചു.