പീരുമേട് : മകര ജ്യോതി ദർശിക്കാനെത്തിയ 102 പേരുടെ ജീവൻ നഷ്ടപ്പെട്ട പുല്ലുമേട് ദുരന്തത്തിന് 13 വയസ്. വണ്ടിപ്പെരിയാറിലെ വള്ളക്കടവ് ഉപ്പുപാറയിലാണ് ദുരന്തമുണ്ടായത്. 2011 ജനുവരി 14ന് രാത്രി ഏഴരയോടെ മകരജ്യോതി ദർശിച്ച് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനം പ്രവേശിക്കാതിരിക്കാൻ പുല്ലുമേട്ടിലെ കുന്നിൻചരുവിൽ പോലീസ് കെട്ടിയ ചങ്ങലയിൽത്തട്ടി തീർത്ഥാടകർ വീണാണ് അപകടമുണ്ടായത്. രണ്ട് ലക്ഷത്തിലധികം പേർ അന്നിവിടെ എത്തിയെന്നാണ് ഏകദേശ കണക്കുകൾ. അശാസ്ത്രീയ പാർക്കിങ്ങും വെളിച്ചക്കുറവും സുരക്ഷാ ജീവനക്കാരുടെ കുറവുമാണ് ദുരന്തത്തിന് കാരണം. ദുരന്തത്തിന് ശേഷം ഈ കാനനപാത വഴി തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കുമളി പോലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് എങ്ങുമെത്തിയില്ല.
സർക്കാർ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് ജസ്റ്റിസ് എൻ.ആർ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായി പറയുന്നുണ്ട്. എന്നാൽ നടപടി ഉണ്ടായില്ല. ഇത്തവണ മകരവിളക്കിന് ഇടുക്കി ഭരണകൂടം വലിയ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കുമളിയിൽ നിന്ന് കെ.എസ്.ആർ.ടി. സി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ പുല്ലമേട്ടിലേക്ക് സർവീസ് നടത്തും. വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി ഉച്ചയ്ക്ക് രണ്ട് വരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മകര ജ്യോതി ദർശിക്കാൻ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് , എസ്.പി വിഷ്ണു പ്രസാദ്, സബ് കളക്ടർ അരുൺ.എസ്.നായർ എന്നിവർ അറിയിച്ചു.