തിരുവല്ല : കവിയൂർ പഞ്ചായത്തിൽ ടി.കെ. റോഡിനു സമീപം മനയ്ക്കച്ചിറയിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയിട്ട് ഒന്നര മാസത്തിലേറെ ആകുന്നു. കനത്ത കാറ്റിൽ ഇതിന്റെ മേൽക്കൂര ഒടിഞ്ഞു വീണിരുന്നു. അയ്യപ്പ കുടുംബശ്രീയിലെ അംഗങ്ങളാണ് പൊതുമരാമത്ത് പുറമ്പോക്കിൽ ജനകീയ ഹോട്ടൽ നടത്തിയിരുന്നത്. നേരത്തെ ഇവിടെ ഒരു ഹോട്ടൽ നടത്തിയിരുന്ന ശശികല എന്ന വനിതയുടെ നേതൃത്വത്തിലാണു ജനകീയ ഹോട്ടൽ തുടങ്ങിയത്. സർക്കാർ സബ്സിഡി ലഭിക്കും എന്നു പ്രലോഭിപ്പിച്ചു ജനകീയ ഹോട്ടൽ നടത്താൻ പ്രേരിപ്പിക്കുക ആയിരുന്നു എന്നു ശശികല പറഞ്ഞു. നാലര വർഷത്തിൽ ഏറെ ഹോട്ടൽ നല്ല നിലയിൽ പ്രവർത്തിച്ചു. നേരത്തെ 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്കു പാഴ്സലും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയിരുന്ന സബ്സിഡി പിൻവലിച്ചതോടെ ഊണിന് 40 ഉം പാഴ്‌സലിന് 45 രൂപയുമായി.
മാവേലി സ്റ്റോറിൽ നിന്നു ലഭിക്കുന്ന അരി വാങ്ങി ഊണ് നൽകണം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഈ അരിയുടെ ചോറ് ഉണ്ണാൻ ആരും തയാറായില്ല എന്നു ശശികല പറഞ്ഞു. ഹോട്ടലിന്റെ താൽക്കാലിക മേൽക്കൂര തകർന്നു വീണിട്ടും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നു കവിയൂർ പഞ്ചായത്ത് കുടുംബശ്രീ അധ്യക്ഷ ശാന്തമ്മ ശശി പറഞ്ഞു. ഓരോ ദിവസവും 600 രൂപയ്ക്ക് വെള്ളം വാങ്ങിയാണ് കുടുംബശ്രീ പ്രവർത്തകർ ഹോട്ടൽ നടത്തിയത്. കടം വർധിച്ചപ്പോൾ ആണു ഹോട്ടലിന്റെ പ്രവർത്തനം നിർത്തിയത് എന്നും ഇവർ പറഞ്ഞു. എന്നാൽ ജനകീയ ഹോട്ടലിനു നാലര വർഷത്തിന് ഇടയിൽ പത്ത് ലക്ഷം രൂപ സബ്സിഡിയായി നൽകിയതായി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ പറഞ്ഞു. നിലവിലെ കുടുംബശ്രീ യൂണിറ്റ് ഹോട്ടൽ നടത്താൻ തയാറല്ല എങ്കിൽ മറ്റുള്ളവരെ പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.