റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറുന്ന ബസ്സുകളുടെ വിവരം രേഖപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കാൻ തീരുമാനമായി. റാന്നി ടൗണിലെയും കെഎസ്ടിപിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യാൻ റാന്നിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പെരുമ്പുഴ സ്റ്റാൻഡിൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസ്സുകളും കയറുന്നത് ഉറപ്പുവരുത്തണം. ഓരോ ഭാഗത്തേക്കും പോകുന്ന ബസ്സുകൾ എവിടെ നിർത്തണം എന്നത് കെഎസ്ആർടിസി ,ബസ് ഉടമകൾ എന്നിവരുമായി സംസാരിച്ച് തീരുമാനത്തിൽ എത്തണം. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ ആശുപത്രി റോഡിലുള്ള അനധികൃത പാർക്കിങ്ങിനെതിരെയും നിരീക്ഷണം നടത്താൻ തീരുമാനമായി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ടിപിയുടെ ഉടമസ്ഥതയിലുള്ള യാർഡ് വൃത്തിയാക്കി പഴവങ്ങാടി പഞ്ചായത്തിന് പാർക്കിങ്ങിനായി താൽക്കാലികമായി വിട്ടു നൽകാൻ കെഎസ് ടി പിയെ ചുമതലപ്പെടുത്തി. തുടർന്ന് വരുന്ന അറ്റകുറ്റപ്പണികൾ പഞ്ചായത്ത് ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു.
സംസ്ഥാനപാതയിലെ നടപ്പാതകളിൽ തകർന്ന്കിടക്കുന്ന കൈവരികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ തീരുമാനമായി. മാമുക്ക് ജംഗ്ഷനിൽ ഗതാഗതക്കു നിയന്ത്രിക്കാൻ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാൻ തുക കണ്ടെത്തുന്നതിന് പരസ്യക്കാര്യമായി ആലോചിക്കാൻ തീരുമാനമെടുത്തു. മാമുക്കിൽ കാൽനടക്കാർക്ക് സീബ്രാലൈൻ സ്ഥാപിക്കാൻ കെ എസ് ടി പി യെ ചുമതലപ്പെടുത്തി. വൈക്കം തിരുവാഭരണ പാതയിലേക്കുള്ള ഇറക്കത്തിൻ്റെ വശം കെട്ടി ക്രാഷ് ബാരിയർ സ്ഥാപിക്കുവാനും കെ എസ് ടിപിയോട് ആവശ്യപ്പെട്ടു. ഉതിമൂട്ടിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാൻ സിൽക്കുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാകും. തുടർന്ന് ഓടയുടെ പണി പൂർത്തീകരിക്കും. പെരുമ്പുഴ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം കെഎസ് ടി പി ടാർ ചെയ്ത് നൽകും. തോട്ടമൺകാവ് അമ്പലത്തിന് എതിർവശത്ത് കെ എസ് ടിപി റോഡിൻ്റെ വശത്ത് കൈവരി സ്ഥാപിക്കും. അനധികൃത പാർക്കിംഗ് പൊതുജനങ്ങൾക്ക് ഫോട്ടോയെടുത്ത് മോട്ടോർ വാഹന വകുപ്പിന് അറിയിക്കാവുന്നതാണ്. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ആർ പ്രകാശ്, അഡ്വ ബിന്ദു റെജി, റൂബി കോശി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.