കാസർകോട് : കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നത് മാധ്യമങ്ങളുടെ വ്യാജ പ്രചാരണമാണെന്നും അതില്‍ അണികള്‍ വീഴരുതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ആഗ്രഹം സി.പി.എമ്മും പിണറായി വിജയനും മനസില്‍ വച്ചാല്‍ മതിയെന്നും വേണുഗോപാല്‍ പറഞ്ഞു. കാസർകോട് ഡി.സി.സിയിലെ വാര്‍ഡ് പ്രസിഡന്റ്മാരുടെ സമ്മേളനവും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എ.ല്‍എയുമായ കെ.പി. കുഞ്ഞിക്കണ്ണന്റെ അനുസ്മരണവും കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് സർവകാല റെക്കോര്‍ഡാണ്. സി.പി.എം കള്ളവോട്ട് ചെയ്യാന്‍ ഏല്‍പ്പിച്ചവന്‍ പോലും യു.ഡി.എഫിന് വോട്ട് ചെയ്യുന്ന കാലമാണിത്. അടിസ്ഥാന ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് പണമില്ലാത്ത സര്‍ക്കാരാണ് കൊലപാതികളെ സംരക്ഷിക്കാന്‍ പണം ചെലവാക്കുന്നത്. അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് സി.പി.എം നടത്തുന്നത്.എത്രയൊക്കെ വിഭജിച്ചാലും ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്. സി.പി.എമ്മിന്റെ കോട്ടയില്‍ പോലും ജനം യു.ഡി.എഫിന് വോട്ട് ചെയ്യുന്നു.
കൃപേഷിന്റേയും ശരത് ലാലിന്റെയും ഘാതകരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രതികാരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവരെ പിന്തുണക്കുന്ന ഈ സി.പി.എമ്മിനെ കേരളത്തിന്റെ അധികാരകസേരിയില്‍ നിന്ന് തുരത്തിയോടിക്കുകയെന്നതാണ്. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീടുകള്‍ കയറി ഇറങ്ങിയുള്ള പദയാത്രകളാണ് ഈ കാലയളവില്‍ നടക്കുക. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാ പ്രതിസന്ധി ഘട്ടത്തിലും കരുത്ത് പകര്‍ന്ന നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണനെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു സ്മാരകം പാര്‍ട്ടി ഓഫിസില്‍ നിർമിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.