റാന്നി: പമ്പാനദിയിൽ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം കലര്‍ത്തിയതായി ആരോപണം. ഇന്നു രാവിലെ മുതല്‍ റാന്നി ഭാഗത്തു കൂടി വലിയ തോതിൽ ഓയിൽ പോലെയുള്ള പദാർത്ഥം കലർന്ന ജലം ഒഴുകിയതാണ് ആരോപണത്തിന് കാരണം. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലിന്യം കലര്‍ന്ന വിവരം മലിനീകരണ നിയന്ത്രണ ബോർഡ്, മേജർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അടിയന്തര പരിശോധനകൾ നടത്തണമെന്ന് ആവശ്യപ്പെട്ടതായി റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അറിയിച്ചു.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പമ്പയിൽ ഇത്തരത്തിൽ മാലിന്യം കലരാനുണ്ടയ സാഹചര്യം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ മണിയാര്‍ ഡാം മുതല്‍ ഇതുണ്ടെന്നും കഴിഞ്ഞ ദിവസം പടയണിപാറയില്‍ തോട്ടിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നുമുള്ള ഇന്ധന ചോര്‍ച്ചയാകാം കാരണമെന്നും പോലീസ് സൂചിപ്പിക്കുന്നു. മറിഞ്ഞ ടിപ്പര്‍ ലോറിയില്‍ 30 ലിറ്റര്‍ ഡീസലും 10 ലിറ്റര്‍ ഓയിലും ഉണ്ടായിരുന്നതായി പറയുന്നു. വാഹനം മറിഞ്ഞതു വഴി ഇതു മുഴുവന്‍ തോട്ടില്‍ കലരുകയും അതു വഴി ഒഴുകി നദിയിലെത്തിയതാകുമെന്നുമാണ് നിഗമനം. കൂടുതല്‍ അന്വേഷണം നടത്താന്‍ ചിറ്റാര്‍, പെരുനാട് പോലീസിനും നിര്‍ദേശമുണ്ട്.