റാന്നി: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലമായിട്ടും അയ്യപ്പഭക്തർക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിൽ റാന്നി പഞ്ചായത്ത് അവഗണന കാട്ടുന്നതായി ആരോപണം. റാന്നി താലൂക്കിൻ്റെ ഭരണ സിരാകേന്ദ്രമായ പെരുമ്പുഴയിലടക്കം ശുചിമുറി സൗകര്യം പോലും ഇല്ലെന്നുള്ളതാണ് പ്രധാനമായും അയ്യപ്പഭക്തർ പറയുന്നത്. പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ചിരിക്കുന്ന ശുചി മുറി പ്രവർത്തനം നിലച്ചിട്ട് നാളുകളായിട്ടും ഇത് തുറന്ന് പ്രവൃത്തിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യറായില്ലെന്നാണ് ആരോപണം ഉയരുന്നത്. മണ്ഡലകാലം തുടങ്ങുമ്പോൾ തന്നെ റാന്നി രാമപുരം ക്ഷേത്രത്തിൽ എത്തി ക്യാമ്പ് ചെയ്യുന്ന തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുന്നതിന് അവിടെ അസൗകര്യം ഉള്ളതിനാൽ ബസ് സ്റ്റാൻ്റിലെ ശുചിമുറികൾ ആയിരുന്നു ആശ്രയിച്ചിരുന്നത്. റാന്നി പുതിയ പാലം പണിയുന്നതിന് മുൻപ് രാമപുരം ക്ഷേത്രത്തിനു മുൻപിലെ പെരുമ്പുഴ കടവിൽ കുളിയും പ്രാഥമിക സൗകര്യത്തിനായി ശുചി മുറി സൗകര്യവും ഉണ്ടായിരുന്നു. മഹാപ്രളയത്തിനു ശേഷവും പുതിയപാലം നിർമ്മാണം കാരണവും ഇത് ഇല്ലാതാകുകയായിരുന്നു. ഇക്കാരണത്താലാണ് പെരുമ്പുഴ ബസ് സ്റ്റാൻ്റിലെ ശുചിമുറികൾ തീർത്ഥാടകർക്ക് പ്രയോജനപ്പെട്ടിരുന്നത്. ഇതു ഇപ്പോൾ പ്രവർത്തനം നിലച്ചതോടെ തീർത്ഥാടകരും നാട്ടുകാരും പ്രാഥമിക സൗകര്യത്തിനായി വെളിയിടം തേടി പോകേണ്ട ഗതികേടിലാണ്.
പഞ്ചായത്ത് വക പെരുമ്പുഴയിൽ സ്ഥാപിച്ചിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ ഒരു ഭാഗം ഫീഡിംങ്ങ് റൂമാണ്. ഇത് പൂട്ടിയിട്ട് മാസങ്ങളായി. കുട്ടികൾക്ക് മുലയൂട്ടു വാൻ അമ്മമാർ കൈക്കുഞ്ഞുങ്ങളുമായി സമീപത്തെ കടകൾക്കുള്ളിൽ കയറുകയാണ്. ഇതിനു വേണ്ടിയുള്ള പഞ്ചായത്ത് വകമുറി സമീപത്ത് പ്രവൃത്തിക്കുന്ന സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൻ്റെ സ്റ്റോർ മുറിയായി കൊടുത്തിരിക്കുന്നുയെന്നാണ് പരിസരത്തുള്ളവർ പറയുന്നത്. ശുചിമുറിക്കായുള്ള സ്ഥലത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആയുധങ്ങളും കുട്ടകളും സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷൻ്റെ മുൻഭാഗം പൂന്തോട്ട നിർമ്മാണത്തിൻ്റെ പേരിൽ പച്ചമണ്ണ് നിരത്തി ചെടി ചട്ടികളിലും അല്ലാതെയും ചെടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബസ് സ്റ്റാൻ്റിലും, ആശുപത്രിയിലും എത്തുന്ന യാത്രക്കാർക്കും പ്രാഥമിക സൗകര്യം ഒരുക്കാത്ത പഞ്ചായത്ത് തനത് ഫണ്ട് മുടക്കി പൂന്തോട്ട നിർമ്മിക്കുന്നതാണോ വികസന കാഴ്ചപ്പാട് ഉയർത്തുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.