റാന്നി: മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല അനുബന്ധ പാതകള്‍ കാടുമൂടി കിടക്കുന്നതായി ആക്ഷേപം. റോഡരികിലെ കാടുകള്‍ തെളിക്കാനും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്നാണ് ആരോപണം. ഹൈക്കോടതി നിര്‍ദ്ദേശിച്ച അനുബന്ധ പാതകളില്‍ ചുരുക്കം ചിലതൊഴിച്ചാല്‍ ബാക്കിയെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡുകളുടെ വശങ്ങളും കാടു മൂടി കിടക്കുകയാണ്. ഇത്തരം റോഡുകളുടെ വശങ്ങള്‍ ഐറിഷ് വര്‍ക്ക് ചെയ്യണമെന്നാണ് നിബന്ധന. ഇവിടെ ടാറിംങ് നടത്തിയതൊഴിച്ചാല്‍ മറ്റു നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച മുക്കട – ഇടമണ്‍ – അത്തിക്കയം, അത്തിക്കയം-മടത്തുംമൂഴി, ചെത്തോങ്കര – അത്തിക്കയം, കനകപ്പലം – വെച്ചൂച്ചിറ, വെച്ചൂച്ചിറ-മടന്തമണ്‍-അത്തിക്കയം തുടങ്ങിയ റോഡുകളുടെ വശങ്ങള്‍ കാടുമൂടിയിരിക്കുകയാണ്. വളവുകള്‍ കാടുമൂടിയതോടെ പല സ്ഥലത്തും അപകട സാധ്യതയേറെയാണ്. ചെറുകോല്‍പ്പുഴ-റാന്നി റോഡ് പുനരുദ്ധാരണം കാത്തുകിടക്കുകയാണ്. വകുപ്പുകള്‍ ഉത്സാഹം കാട്ടിയില്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറാവും. കഴിഞ്ഞ തവണത്തെക്കാള്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിക്കാന്‍ സാഹചര്യവുമുണ്ട്. അതിനാല്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ വലിയ പ്രതിസന്ധിക്കിട വരുത്തുമെന്നും തീര്‍ത്ഥാടകര്‍ക്ക് ആശങ്കയുണ്ട്.