പത്തനംതിട്ട : വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആറായിരം കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിക്കുകയും കടൽക്കൊള്ളയാന്നും അദാനിയുമായി ചേർന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ് ആണെന്നും ആക്ഷേപം ഉന്നയിച്ച് സമരം നടത്തുകയും ചെയ്ത സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും അത് യാഥാർത്ഥ്യമായപ്പോൾ മേനി നടിച്ച് ക്രെഡിറ്റ് എടുക്കുവാൻ ശ്രമിക്കുന്നത് അപഹാസ്യവും കേരളത്തിലെ ജനങ്ങളോട് കാട്ടുന്ന വഞ്ചനയും ആണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അഭിവാദ്യം അർപ്പിച്ചും യഥാർത്ഥ്യമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന സമ്മേളനത്തിൽ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആരോപണങ്ങളേയും അതിജീവിച്ച് അദാനിയെ ക്ഷണിച്ച് വരുത്തി കരാർ ഏല്പിച്ച് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്കി വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ അഹോരാത്രം പ്രവർത്തിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ശില്പിയെന്ന് ചരിത്രം രേഖപ്പെടുത്തി കഴിഞ്ഞെന്നും അത് മായിക്കുവാൻ ഒരു ഭരണകർത്താവിനും കഴിയില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, കെ പി സി സി അംഗം പി. മോഹൻരാജ്, യു ഡി എഫ് കൺവീനർ എ ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാർ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ജി. രഘുനാഥ്, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, ജോൺസൺ വിളവിനാൽ, എം ഉണ്ണിക്കഷ്ണൻ നായർ, റോജി പോൾ ദാനിയേൽ, സി.കെ.ശശി, വിനീത അനിൽ, കെ.ജി അനിത നേതാക്കളായ ജെറി മാത്യു സാം, രജനി പ്രദീപ്, അബ്ദുൾ കലാം ആസാദ്, പി. കെ ഇക്ബാൽ, അജിത് മണ്ണിൽ, എ. ഫറൂക്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, പ്രദീപ് കിടങ്ങന്നൂർ, ജോമോൻ, പുതുപറമ്പിൽ, ടൈറ്റസ് കാഞ്ഞിര മണ്ണിൽ, പി.കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.