കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ പട്ടയ അദാലത്ത് തണ്ണിത്തോട് മൂഴി എസ്എൻഡിപി ഹാളിൽ ഇന്ന് രാവിലെ 10.30 ന് നടക്കും . അദാലത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടിയിൽ പ്രതിനിധികൾ, വ്യാപാരി- വ്യവസായിസംഘടനാ പ്രതിനിധികൾ, വിവിധ സാമുദായിക സംഘടന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലിയിൽ വിതരണം ചെയ്ത അപേക്ഷാഫോറം ഭൂമി കൈവശക്കാർ പൂരിപ്പിച്ച് അദാലത്തിൽ സമർപ്പിക്കണം. പട്ടയം നൽകുന്ന നടപടികളുടെ ഭാഗമായി ഡിജിറ്റൽ സർവേ തണ്ണിത്തോട് വില്ലേജിൽ പൂർത്തീകരിക്കും. ഡിജിറ്റൽ സർവേയുടെയുടെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ എല്ലാ സർവേ നമ്പറുകളിലെ ഭൂമിയും സർവേ ചെയ്യും.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.