കണ്ണൂർ : കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു- എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം തോട്ടട ഐടിഐയിൽ നടന്ന കയ്യാങ്കളിയിൽ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് റിബിനെയാണ് എസ്എഫ് പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്.
നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്നാണ് കേസ്. റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎഎസ്‍യു പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ അനിശ്ചിത കാലത്തേക്ക് ക്യാംപസ് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് എല്ലാ പാര്‍ട്ടികളുടെയും യോഗം പോലീസ് വിളിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.