റാന്നി : ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് വയലിലൂടെ നിര്‍മ്മിച്ച റോഡ് തകര്‍ന്നു. ചെട്ടിമുക്ക് റോഡിലെ കണ്ടനാട്ടുപടി-മിനര്‍വ്വാപ്പടി ബൈപ്പാസില്‍ നിന്നു തുടങ്ങുന്ന റോഡിന്‍റെ ആദ്യ ഭാഗവും അവസാന ഭാഗവും കോണ്‍ക്രീറ്റു ചെയ്തതാണ്. ഇതിനിടയില്‍ ഉള്‍പ്പെടുന്ന അമ്പതു മീറ്റര്‍ ദൂരം വരുന്ന ഭാഗമാണ് സഞ്ചാര യോഗ്യമല്ലാതായത്. ശബരിമല ഇടത്താവള നിര്‍മ്മാണം നടക്കുന്ന ഭാഗമാണ് കോണ്‍ക്രീറ്റും മറ്റും ചെയ്യാതെ മണ്‍റോഡായി അവശേഷിക്കുന്നത്.
ഇടത്താവള നിര്‍മ്മാണത്തിന്‍റെ പേരില്‍ ഇത്രയും ഭാഗം ഒഴിവാക്കിയെന്നാണ് അധികൃത ഭാക്ഷ്യം. വേനല്‍ക്കാലത്തു പൊടിശല്യവും മഴയായാല്‍ ചെളിക്കുണ്ടുമാണിവിടെ. ടൗണ്ണില്‍ ബൈപ്പാസ് കേന്ദ്രീകരിച്ചു വണ്‍വെ നടപ്പിലാക്കിയതോടെ ബസുകള്‍ ചുറ്റിക്കറങ്ങി വരുന്നത് സമയ നഷ്ടത്തിനിടയാക്കിയിരുന്നു.
ഇതു പരാതി ആയതോടെ എളുപ്പത്തില്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനാണ് വയല്‍ നികത്തി റോഡ് ഉണ്ടാക്കിയത്. പഴവങ്ങാടി പഞ്ചായത്തും എം.എല്‍.എ ഫണ്ടും ഉപയോഗിച്ചു ഭൂരിഭാഗവും കോണ്‍ക്രീറ്റു ചെയ്തെങ്കിലും കുറച്ചു ദൂരം മണ്‍റോഡായി തുടരുകയായിരുന്നു. ഇടത്താവള നിര്‍മ്മാണം അനന്തമായി നീണ്ടതോടെ ഈ ഭാഗം അവഗണിക്കപ്പെടുകയായിരുന്നു.