റാന്നി : ഇട്ടിയപ്പാറ ബൈപാസ് റോഡ് അപകട ഭീഷണി നേരിടുന്നതായി ആക്ഷേപം. ചെട്ടിമുക്ക്-മാര്‍ത്തോമ്മ പടി റോഡിലെ എം.എൽ.എ പടിയിൽ നിന്ന് മിനർവാപടിയിലേക്ക് വരുന്ന ഭാഗത്താണ് അപകട ഭീഷണി. റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ സുരക്ഷാ വേലികളോ ദിശാസൂചികകളോ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. 14 മീറ്റർ വീതിയിൽ നിർമ്മിച്ച സംസ്ഥാന പാതയിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടുന്നത് കേവലം 5 മീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ റോഡിലേക്കാണ്. വലിയകാവിൽ നിന്നും അങ്ങാടി പേട്ട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും ഈ ഭാഗത്ത് ഒത്തുചേരുമ്പോൾ അപകട സാധ്യത വർധിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് വരെ ഈ റോഡിന്റെ ഇരുവശങ്ങളിലും ഇടതൂർന്ന് നിന്നിരുന്ന മരങ്ങൾ കാരണം റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു കിടന്നിരുന്നത് ആരും ശ്രദ്ധച്ചിരുന്നില്ല. എന്നാൽ അടുത്തിടെ വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ പൂർണ്ണമായും കടപുഴകി വീണതോടെയാണ് ഈ ഇടുങ്ങിയ റോഡിൽ സംരക്ഷണ ഭിത്തികളില്ലാത്തതിന്റെ ഭീകരാവസ്ഥ വെളിപ്പെട്ടത്. ഭൂമി നിരപ്പില്‍ നിന്നും പത്തടിയോളം ഉയര്‍ത്തി കെട്ടി നിര്‍മ്മിച്ചതാണ് റോഡ്. എപ്പോഴും തിരക്കേറുന്ന റോഡില്‍ ഒരു വരി ഗതാഗതം ആയതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായി പോകുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഇവിടെ അപകടം ഒഴിവാക്കാന്‍ ആകൂ. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് അടിയന്തിരമായി ഈ ഭാഗത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.