റാന്നി: രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റാന്നിയില്‍ നടന്ന സേവ് ഇന്ത്യാ അംസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എഴുത്തുകാര്‍ എന്തെഴുതണമെന്ന് തീരുമാനിക്കുന്നത് ഇന്ന് സംഘപരിവാറാണ്. കര്‍ഷകര്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സമര രംഗത്ത് വന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നതിന് അവസരം ഉണ്ടാക്കുന്നതിന് പകരം പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണ് കേന്ദ്രം.
മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന നിരന്തരമായ പീഡനങ്ങളും നീതി നിഷേധവും അശങ്ക ഉളവാക്കുന്ന സംഭവങ്ങളാണ്. മന:സാക്ഷിയുള്ള മനുഷ്യര്‍ക്ക് കണ്ട് നില്ക്കാന്‍ കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ പീഢനമാണ് മണിപ്പുരിലെ ക്രൈസ്തവര്‍ അനുഭവിക്കുന്നത്. അവര്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പാര്‍ക്കാന്‍ കഴിയാതെ എല്ലാം ഉപേക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വനാന്തരങ്ങളിലേയ്ക്കും അന്യദേശങ്ങളിലേയ്ക്കും ഓടിപ്പോകേണ്ടി വരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അക്രമങ്ങളെ ഭയന്നു കഴിയേണ്ട അവസ്ഥയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പച്ച് രാജ്യത്ത് വിലകയറ്റം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാനയം നടപ്പിലാക്കാതെ പാവങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് കേന്ദ്രമെന്നും ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ നാട് ഒരുമിക്കണമെന്നും മന്ത്രി കൂട്ടി ആരോപിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. ദേശീയ വര്‍ക്കിംങ് കമ്മറ്റിയംഗം അഡ്വ. ആര്‍ ജയന്‍ മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി എസ് അഖില്‍, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ കെ സതീഷ്, ജോജോ കോവൂര്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, എം.വി പ്രസന്നകുമാര്‍, അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, സന്തോഷ് കെ.ചാണ്ടി, ബിബിന്‍ എബ്രഹാം, എം.ശ്രീജിത്ത്, അശ്വിന്‍ മണ്ണടി, എ അനിജു, വിപിന്‍ പി.പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.