കോലഞ്ചേരി : നൂറ്റാണ്ടു പിന്നിട്ട സഭാതർക്കം നീതിപൂർവം പരിഹരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഓർത്തഡോക്സ് സഭയുടെ നടപടി ദൗർഭാഗ്യകരമാണെന്ന് യാക്കോബായ സുറിയാനി സഭ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തതിലുള്ള അമർഷം കൊണ്ടാണ് അവർ ഇത്തരം ആരോപണം ഉന്നയിക്കുന്നത്.
അദ്ദേഹത്തിനും സർക്കാരിനും എന്തെങ്കിലും നിക്ഷിപ്ത താത്‌പര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുന്നതിനോട് മുഖ്യമന്ത്രി ഈ സമീപനം സ്വീകരിക്കുമായിരുന്നോ എന്നും മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പ്രസംഗത്തിലെ പരാമർശങ്ങൾ സത്യസന്ധവും വസ്തുതാപരവുമാണ്. മുഖ്യമന്ത്രി ഓർത്തഡോക്സ് സഭയെ കുറ്റപ്പെടുത്തുകയല്ല മറിച്ച് സഭാ തർക്ക ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുക മാത്രമാണു ചെയ്തത്.