തിരുവനന്തപുരം : യാക്കോബായ സഭാ നേതൃത്വവും ഇടതുപക്ഷ സര്‍ക്കാരുമായി രഹസ്യധാരണ. തുടര്‍ ഭരണം ലഭിച്ചാല്‍ ആദ്യം ചെയ്യുക യാക്കോബായ സഭക്ക് നല്‍കിയ വാക്ക് പാലിക്കുകയായിരിക്കും. സഭക്ക് നഷ്ടപ്പെട്ട മുഴുവന്‍ പള്ളികളിലും യാക്കോബായ വിശ്വാസികള്‍ക്ക് കയറാന്‍ പാകത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരിക്കും ആദ്യം ചെയ്യുക. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ അതീവ രഹസ്യമാക്കി വെക്കുകയും പുറമേ ഇടതുപക്ഷ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അതുവഴി ഓര്‍ത്തഡോക്സ് സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് യാക്കോബായ സഭാ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രഹസ്യധാരണ പുറത്തായാല്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഒന്നാകെ ഇടതുപക്ഷത്തിനു എതിരാകുകയും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുകയും ചെയ്യും. ഓര്‍ഡിനന്‍സിന്റെ കരട് വരെ തയ്യാറായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
യക്കോബായ നേതൃത്വം തിരുവനന്തപുരത്ത് സമരത്തിന് എത്തിയതുതന്നെ മുന്‍ ധാരണപ്രകാരമായിരുന്നു. രഹസ്യമായി ഉറപ്പ് ലഭിച്ചതിനു ശേഷമാണ് സമര രംഗത്തുനിന്നും സഭ പിന്മാറിയത്. എന്നാല്‍ സമരം അവസാനിപ്പിക്കുമ്പോള്‍ പിണറായിയെയും ഇടതുപക്ഷ സര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തങ്ങളോട് നീതികേട് കാണിച്ച ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്നും യാക്കോബായ സഭാ വിശ്വാസികള്‍ക്ക് മനസ്സില്‍ മുറിവേറ്റിരിക്കുന്നു എന്നുമാണ് യാക്കോബായ സഭാ നേതൃത്വം അന്ന് പറഞ്ഞത്. എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല.
യക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ് സഭയുടെയും വോട്ടുകള്‍ ഒരേസമയം പെട്ടിയിലാക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഡനീക്കമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭരണം കിട്ടിക്കഴിഞ്ഞ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പിണങ്ങിയാലും സമരം ചെയ്താലും പിണറായി സര്‍ക്കാരിന് ഒന്നുമില്ല. രണ്ടു ക്രൈസ്തവ സഭകള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് സര്‍ക്കാരിനെ ബാധിക്കില്ല. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുകയും ചെയ്യും. യാക്കോബായ സഭയും ഇടതുപക്ഷ സര്‍ക്കാരുമായി ശത്രുതയാണെന്ന് തോന്നിയാല്‍ ഓര്‍ത്തഡോക്സ് സഭ ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കും. ഈ തന്ത്രമാണ് ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിനും ഈ രഹസ്യ ധാരണ വ്യക്തമായി അറിയാമെന്നാണ് സൂചന.