എറണാകുളം: നിര്‍ത്തിവെച്ച സമരങ്ങള്‍ പുനരാംരംഭിച്ച യാക്കോബായ സഭയുടെ തീരുമാനം സര്‍ക്കാരിനും ഓര്‍ത്തഡോക്സ് സഭക്കും തലവേദന സൃഷ്ടിക്കും. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം പുനരാരംഭിക്കാന്‍ യാക്കോബായ നേതൃത്വം തീരുമാനിച്ചത്.
ഇതോടൊപ്പം കോതമംഗലം പള്ളിക്ക് വേണ്ടിയുള്ള അവകാശവാദം ഓര്‍ത്തഡോക്സ് വിഭാഗം കര്‍ശനമാക്കിയതും അപ്രതീക്ഷിതമായി മുടവൂര്‍ പള്ളി പിടിച്ചെടുത്തതും യാക്കോബായ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് ഇതിനോടകം 52 പള്ളികളാണ് യാക്കോബായ സഭക്ക് നഷ്ടമായത്.
ഇതെല്ലാം തന്നെ സഭക്ക് ഭൂരിപക്ഷമുള്ളതായിരുന്നു. നേരത്തെ ശവസംസ്കാരത്തിന് പോലും കഴിയാത്ത രീതിയില്‍ വിശ്വാസികള്‍ പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് തോമസ് മാര്‍ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിച്ചത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പാസാക്കിയ സെമിത്തേരി ബില്‍ യാക്കോബായ വിഭാഗത്തിന് വലിയ ആശ്വാസമായിരുന്നു. ഇതു കൊണ്ട് തന്നെ ഇത്തവണത്തെയും സമരനേതൃത്വം അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയെയാണ് സഭ ഏല്‍പ്പിച്ചത്.
സമരത്തിന്റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് റിലേ സത്യാഗ്രഹങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 13ന് ഓര്‍ത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത മുഴുവന്‍ പള്ളികളിലും യാക്കോബായ വിഭാഗമെത്തി ആരാധന നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
15ന് വയനാട്ടുനിന്ന് അവകാശ സംരക്ഷണ ജാഥയും തുടര്‍ന്ന് സെക്രട്ടറിയേറ്റ് നടക്കല്‍ മെത്രാപ്പോലീത്തമാരുടെയും വൈദീകരുടെയും അനിശ്ചിതകാല സമരവുമാണ് നടക്കുന്നത്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമ നിര്‍മാണമാണ് യാക്കോബായ വിഭാഗം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സമരം ശക്തമായാല്‍ അത് സര്‍ക്കാറിനും ഓര്‍ത്തഡോക്സ് പക്ഷത്തിനും ഒരേപോലെ തലവേദന സൃഷ്ടിക്കും.