ന്യൂഡല്‍ഹി : ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ വ്യാപക ഒഴിപ്പിക്കല്‍. കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. താമസകേന്ദ്രങ്ങളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കുകയാണ്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹമാണുള്ളത്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി 400 പോലീസുകാരെ കൂടി നിയോഗിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത്-ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ പോലീസ് സ്പെഷല്‍ കമീഷണര്‍ ദീപേന്ദ്ര പതകും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് രണ്ട് ദിവസത്തെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് തുടക്കമിട്ടത്. ജഹാംഗീര്‍പുരിയിലെ കലാപകാരികളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി മേധാവി ആദേശ് ഗുപ്ത കോര്‍പറേഷന് കത്ത് നല്‍കിയിരുന്നു.