ന്യൂഡല്‍ഹി : ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി. മേയറിന് സ്റ്റേ ഓര്‍ഡര്‍ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോര്‍പറേഷന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജി ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഏകപക്ഷീയമാണെന്നാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലെ വാദം.
ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് പതിനാല് ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുക. തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്നത് അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും, കപില്‍ സിബലും, ദുഷ്യന്ത് ദാവേയുമാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊളിച്ച് നീക്കലിനെതിരായ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന ജഹാംഗീര്‍പുരിയില്‍ സുരക്ഷ ശക്തമാക്കി.