കൊച്ചി: കൊച്ചി ജല മെട്രോക്ക് കൊച്ചി കപ്പൽശാലയിൽ നിർമിച്ച ഒരു ബോട്ടുകൂടി കൈമാറി. 100 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബി.വൈ 125 എന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടാണ് ജല മെട്രോക്ക് സ്വന്തമാകുന്നത്. ജല മെട്രോക്കുവേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിച്ച പത്താമത്തെ ബോട്ടാണിത്. ബോട്ട് കൈമാറുന്നത് സംബന്ധിച്ച പ്രോട്ടോക്കോളിൽ കൊച്ചിൻ ഷിപ്യാർഡ് ചീഫ് ജനറൽ മാനേജർ എസ്. ഹരികൃഷ്ണനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ചീഫ് ജനറൽ മാനേജർ പി. ജനാർദനനും ഒപ്പുവെച്ചു.
കൊച്ചിയിലെ ജലഗതാഗതം ആധുനികവത്കരിക്കാനും സുസ്ഥിര വികസനം ഉറപ്പാക്കാനും കെ.എം.ആർ.എല്ലും ഷിപ്യാർഡും യോജിച്ച പ്രവർത്തനങ്ങളിലാണ്. പുതുതായി നിർമിച്ച ബി.വൈ 125 ബോട്ട് കാര്യക്ഷമതക്കും പരിസ്ഥിതി സൗഹൃദത്തിനും ഊന്നൽനൽകി അത്യാധുനിക രീതിയിൽ രൂപകൽപന ചെയ്തതാണ്. ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച ബോട്ട് പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാത്ത വിധത്തിലുള്ളതാണ്. കൊച്ചിൻ ഷിപ്യാർഡിന്റെയും കെ.എം.ആർ.എല്ലിന്റെയും ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.