തിരുവനന്തപുരം : ഭരണത്തിന്റെ അവസാനകാലത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലാത്തതായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ രാജി. തുടര്‍ഭരണം വന്നാല്‍ മന്ത്രിസ്ഥാനത്തിന് ഏറക്കുറെ ഉറപ്പായ നേതാവാണ് ഫലപ്രഖ്യാപനത്തിന് 18 ദിവസം ബാക്കിനില്‍ക്കെ രാജിവെച്ച് പുറത്തുപോയത്. സി.പി.എമ്മിനും എല്‍.ഡി.എഫിനും ഇത് മുഖം രക്ഷിക്കലാണ്. സി.പി.എമ്മിനോട് തോള് ചേര്‍ന്ന് 15 വര്‍ഷമായി മുന്നോട്ടുപോകുന്ന ജലീലിന് പക്ഷേ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകളാണ് മുന്നില്‍.
മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ലോകായുക്ത വിധിപ്പകര്‍പ്പ് ലഭിച്ചിരുന്നു. വിധിയിലെ നിരീക്ഷണങ്ങള്‍ നിലനില്ക്കുമ്പോള് ഭരണത്തിന്റെ അവസാനകാലത്ത് അനാവശ്യ വിവാദങ്ങള്‍ തുടരണമോയെന്ന ചിന്ത നേതൃത്വത്തിലും ശക്തമായി. ഇതോടെ മന്ത്രി സ്ഥാനം ഒഴിയുന്നതിലേക്ക് ജലീല്‍ മാനസികമായി എത്തി.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തിയശേഷം തിങ്കളാഴ്ച രാത്രിതന്നെ രാജിക്കത്ത് തയാറാക്കി ഗണ്‍മാനെ ഏല്‍പ്പിച്ച് ജലീല്‍ തലസ്ഥാനത്തോട് യാത്ര പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മന്ത്രിയുടെ ഗണ്മാന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാജിക്കത്ത് എത്തിച്ചു. അവിടെനിന്ന് അത് മുഖ്യമന്ത്രിക്ക് ഫാക്സ് അയച്ചു. പിണറായി ഒപ്പിട്ട് തിരിച്ചെത്തിയതോടെ വേഗത്തില്‍ ഗവര്‍ണറുടെ ഒാഫിസില്‍ എത്തിച്ചു. ഗവര്‍ണര്‍ ഉച്ചക്ക് ഒപ്പുവെച്ചതോടെ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും രാജിവിവരവും പുറംലോകമറിഞ്ഞു.
മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ജലീലിന്റെ രാഷ്ട്രീയ ഇറക്കം അദ്ദേഹത്തിനും തിരിച്ചടിയാണ്. മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കുകൂടി താല്പര്യമുള്ള വിഷയങ്ങള്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിക്കുന്നത് ജലീലാണെന്ന ആക്ഷേപം ഘടകകക്ഷികള്ക്കുണ്ടായിരുന്നു. പല വിവാദ തീരുമാനങ്ങളിലും സര്‍ക്കാരിനെ എത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആക്ഷേപം. തെരഞ്ഞെടുപ്പിന് മുമ്പ് ലോകായുക്ത വിധി വന്നിരുന്നുവെങ്കില്‍ എല്‍.ഡി.എഫിന് അത് കൂടുതല്‍ തിരിച്ചടി ആകുമായിരുന്നു. അതുണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍.