തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി കെടി ജലീല്‍. താന്‍ തലയില്‍ മുണ്ടിട്ട് എങ്ങോട്ടും പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയായി ജലീല്‍ പറഞ്ഞു. ഒരു സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. തന്റെ സ്വകാര്യ ഇമെയില്‍ ഐഡിയിലേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്. അതുകൊണ്ടാണ് രഹസ്യാത്മക സ്വഭാവം പുലര്‍ത്താമെന്ന് ഞാന്‍ കരുതി. ഇഡിയും തന്നോട് ആ രീതിയിലാണ് പറഞ്ഞത്. അതുകൊണ്ട് രഹസ്യ സ്വഭാവം പുലര്‍ത്തിയെന്നും ജലീല്‍ പറഞ്ഞു.
തന്നെ ചോദ്യം ചെയ്ത കാര്യം അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയാക്കുകയും ചെയ്ത് തല്ലിക്കൊല്ലുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ജലീല്‍ പറഞ്ഞു. താന്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ്. എന്നാല്‍ മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് വാര്‍ത്ത നല്‍കുന്നത്. അവര്‍ പറയുന്ന രീതിയില്‍ എനിക്ക് കുരുക്ക് മുറുകില്ല. കാരണം എനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എനിക്കറിയാം. എനിക്ക് ഒരു മുടിനാരിഴയുടെ പങ്കെങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കും. നൂറ്റൊന്ന് ശതമാനം എനിക്ക് പങ്കില്ലെന്ന് ഉറപ്പിച്ച് പറയാം.
ചോദ്യം ചെയ്തില്ല എന്ന് പറഞ്ഞത് രഹസ്യ സ്വാഭാവം ഉള്ളതുകൊണ്ടാണ്. ഇഡി സ്ഥിരീകരിക്കാത്തത് കൊണ്ട് അത് എനിക്ക് പറയേണ്ട കാര്യമില്ല. ഇഡി അത് സ്ഥിരീകരിച്ചപ്പോള്‍ ഞാനും ചോദ്യം ചെയ്തതായി സമ്മതിച്ചിരുന്നുവെന്നും ജലീല്‍ പറഞ്ഞു. എന്റെ യജമാനന്‍മാരായി ഞാന്‍ മാധ്യമങ്ങളെ കാണുന്നില്ല. ജനങ്ങളാണ് രാജാക്കന്‍മാര്‍. എനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട് ഭയമില്ല. പലരും മറച്ചുവെക്കാനുള്ളത് കൊണ്ടാണ് മാധ്യമങ്ങളെ പൂജിക്കുന്നത്. എന്നെ അറിയുന്ന നാട്ടുകാരൊന്നും ഇതൊന്നും വിശ്വസിക്കില്ല. വീട്ടില്‍ പിതാവിന് വലിയ ആശങ്കയാണ്. ദിവസവും അദ്ദേഹം വിളിക്കും. എന്നാല്‍ എന്റെ ഭാര്യക്ക് അത്ര ആശങ്കയൊന്നുമില്ലെന്നും ജലീല്‍ പറഞ്ഞു.
എന്നെ കുറിച്ച് ദിവസവും നുണകള്‍ പറഞ്ഞ് പരത്തുന്നവരോടാണ് ഞാന്‍ നുണ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ നുണയെ ഈര്‍ഷ്യയോടെ കാണുന്നത് നല്ല കാര്യം. മാധ്യമപ്രവര്‍ത്തകര്‍ അറിയാതെ കാര്യങ്ങളും നടക്കുമെന്ന് കാണിക്കാന്‍ കൂടിയാണ് അങ്ങനെ ചെയ്തത്. പലരും ഇഡി ഓഫീസില്‍ കാര്യങ്ങള്‍ തിരക്കി വരുന്നുണ്ട്. അതൊന്നും മാധ്യമങ്ങള്‍ അറിയുന്നില്ല. അതുകൊണ്ട് പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ജലീല്‍ പറഞ്ഞു. എന്റെ മകളുടെ കല്ല്യാണത്തിന് ആകെ ചെലവായത് ആറായിരം രൂപയാണ്. എന്റെ മക്കളൊന്നും അത് ഉപയോഗിക്കാറില്ല. മകളുടെ കല്യാണത്തിന് എനിക്ക് കിട്ടിയത് വിശുദ്ധ ഖുറാനെന്നും ജലീല്‍ വ്യക്തമാക്കി.
എനിക്കെതിരെ സമരം നടത്തുന്ന മുസ്ലീം യൂത്ത് ലീഗ് നേതാക്കള്‍ പലരും തട്ടിപ്പ് കേസുകളുടെ ഭാഗമായിട്ടുള്ളവരാണ്. പാണക്കാട് തങ്ങള്‍ക്ക് നെഞ്ചില്‍ കൈവെച്ച് എനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് പറയാന്‍ സാധിക്കുമോ. എന്നെ എന്നേക്കാള്‍ നന്നായി അറിയാവുന്ന നേതാക്കളാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഞാന്‍ മുസ്ലീം ലീഗില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടായിരുന്നിട്ടുണ്ടോ. കുഞ്ഞാലിക്കുട്ടി പോലും അതറിയാം. മുസ്ലീം ലീഗില്‍ എല്ലാ അനുവദനീയമാണ്. അവിടെ കേസുകള്‍ ഒപ്പം വേണമെന്നാണ് നിലപാട്. അത്തരം സ്വാതന്ത്ര്യമുള്ള ലീഗില്‍ പോലും എനിക്കെതിരെ ആരോപണം ഉയര്‍ന്നിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു.