മധുര: പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ നടന്ന ജല്ലിക്കെട്ട് മത്സരങ്ങളിൽ രണ്ടുപർ കാളയുടെ കുത്തേറ്റു മരിച്ചു. മധുരയിലെ അളങ്കാനല്ലൂരിലും ആവണിയാപുരത്തുമാണ് അപകടമുണ്ടായത്. സംസ്ഥാനത്താകമാനം 250 പേർക്കാണ് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് പരിക്കേറ്റിട്ടുള്ളത്.
അളങ്കാനല്ലൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താൻ സ്വദേശിയും നിയമ വിദ്യാർഥിയുമായ ശ്രീധർ (25) മരിച്ചത്. സുഹൃത്തിനൊപ്പം ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നതിനിടെയാണ് ശ്രീധറിന് കാളയുടെ കുത്തേൽക്കുന്നത്. പരിക്കേറ്റയുടൻ ശ്രീധറിനെ മധുര രാജാജി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രീധറിന്റെ സുഹൃത്തിനെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരുച്ചി ജില്ലയിലെ അവണിയാപുരത്തെ അവരഗാഡ് ഗ്രാമത്തിൽ നടന്ന ജല്ലിക്കെട്ടിനിടെയാണ് പുതുകോട്ടെ സ്വദേശിയും കാളകളുടെ ഉടമയുമായ പളനിയാണ്ടി (55) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയെ മെരുക്കി എടുക്കുന്നതിനിടെ മറ്റൊരു കാള ഓടിവന്ന് പളനിയാണ്ടിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ജല്ലിക്കെട്ടിനിടെ തമിഴ്നാട്ടിൽ മരിക്കുന്നവരുടെ എണ്ണം മൂന്നായി.
മധുരയില്‍ നടന്ന ജല്ലിക്കെട്ടിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ 18 പേർ, 10 ഉടമകൾ, എട്ട് നാട്ടുകാർ തുടങ്ങി 36 പേർക്കാണ് കാളയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. റിട്ടയേർഡ് പ്രിൻസിപ്പൾ ജില്ലാ ജഡ്ജി സി മാണിക്യത്തിന്റെ നേതൃത്വത്തിൽ രാവിലെ എട്ടുമണിക്കാണ് ജല്ലിക്കെട്ട് മത്സരം നടന്നത്.