തിരുവല്ല : ജമ്മു കാശ്മീരില്‍ നിന്നുള്ള 30 അംഗ സംഘം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മാതൃകകള്‍ പഠിക്കുന്നതിന് ജില്ലയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ്, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടി അവാര്‍ഡ് ഇന്ത്യയിലാദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പഠനത്തിനായി തിരഞ്ഞെടുത്തത്. ജമ്മുകാശ്മീരിലെ അതിര്‍ത്തി ജില്ലകളായ ഉറി, കുപ്‌വാര തുടങ്ങിയിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സര്‍പ്പാഞ്ച്മാരാണ് സംഘത്തിലുള്ളത്. ശരാശരി അയ്യായിരം ജനസംഖ്യയുള്ള പഞ്ചായത്തുകളുടെ തലവനാണ് സര്‍പ്പാഞ്ച്.
ഇന്ത്യന്‍ ആര്‍മി, ചെന്നെയില്‍ നിന്നുള്ള മിഷന്‍ സമൃദ്ധി, പോണ്ടിച്ചേരിയില്‍ നിന്നുള്ള ഗ്രാമോന്നതി എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണു മഹാരാഷ്ട്രയിലെ ഹിവാരേബസാര്‍, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഗ്രാമവികസന പദ്ധതികള്‍ നടക്കുന്ന അഹമ്മദ് നഗര്‍ ജില്ലയിലെ റെലെഹന്‍ സിദ്ധി, കേരളത്തിലെ ഇരവിപേരൂര്‍, കൃഷി അടിസ്ഥാനമാക്കിയ ജനങ്ങള്‍ ജീവിക്കുന്ന ഒഡീഷയിലെ കുംഭരി ഗ്രാമം എന്നിവിടങ്ങളിലാണ് മിഷന്‍ സമൃദ്ധി എന്നപേരില്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിരമിച്ച സൈനികരുടെ നേതൃത്വത്തിലുള്ള ഗ്രാമസമൃദ്ധി എന്ന കൂട്ടായ്മയാണു ജമ്മുകാശ്മീരിലെ സാധാരണക്കാരുടെ ഉന്നമനത്തിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. മേജര്‍ ശരവണ്കുളമാര്‍ നേതൃത്വത്തിലാണു സംഘത്തിന്റെ പഠന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ രാജീവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മുകാശ്മീര്‍ ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ ക്ഷണ പ്രകാരം ജമ്മുവിലെത്തി ക്ലാസ് എടുത്തിരുന്നു. ജമ്മുകാശ്മീരിലെ പഞ്ചായത്ത് ഇലക്ഷനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിന് ചുതലപ്പെട്ടവര്‍ക്കായിട്ടായിരുന്നു ആ ക്ലാസ്. ഇതിനെ തുടര്‍ന്നാണ് പ്രാദേശിക വികസനത്തിന്റെ ഇരവിപേരൂര്‍ മാതൃക നേരിട്ട് കാണുന്നതിനും പഠിക്കുന്നതിനും ധാരണയാകുന്നത്.
സംഘത്തിന്റെ ഒന്നാം ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം, ഹൈടെക് അംഗന്‍വാടി, പോഷകാഹാര നിര്‍മ്മാണ കേന്ദ്രം- പച്ചക്കറി തൈ ഉത്പാദന കേന്ദ്രം- ഇരവിപേരൂര്‍ റൈസ്, തുണി ബാഗ് നിര്‍മ്മാണ കേന്ദ്രം മുതലായ ജീവനോപാധികേന്ദ്രങ്ങളും പഞ്ചായത്ത് ഓഫീസിലെ സമയബന്ധിത സേവന സംവിധാനവും നേരിട്ട് കണ്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട്, പദ്ധതി രൂപീകരണ പ്രക്രിയ മുതലായവയുടെ അവതരണവും ഉണ്ടായിരുന്നു. മിഷന്‍സമൃദ്ധിയുടെ നേതൃത്വത്തില്‍ സമൃദ്ധിയാത്രാ ഡയറി എന്ന പേരില്‍ നല്‍കിയിരിക്കുന്ന പുസ്തകത്തില്‍ ഓരോ അംഗങ്ങളും അവര്‍ കണ്ടതും പഠിച്ചതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഇവ ക്രോഡീകരിച്ച് ജമ്മു കാശ്മീരിലെ പഞ്ചായത്തുകളില്‍ നടപ്പാക്കേണ്ടത് എന്തൊക്കെയെന്ന് തീരുമാനിക്കും. മൂന്നാം ദിവസം പഞ്ചായത്തിന്റെ ഗ്രാമവിഞ്ജാന കേന്ദ്രത്തില്‍ സംഘം കണ്ടതും മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ നടപ്പാക്കാവുന്ന പദ്ധതികളുടെ കര്‍മ്മ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്ന ശില്പശാല നടക്കുകയുണ്ടായി.
പ്രസിഡന്റ് അനസൂയാദേവി എം ടി അധ്യക്ഷയായ ശില്പശാലയുടെ സമാപനത്തില്‍ വീണാജോര്‍ജ് എം. എല്‍.എ്, കിലാ ഫാക്കല്റ്റി പ്രഫ. കെ.പി കൃഷ്ണന്‍ക്കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് എന്‍ എന്നിവര്‍ കേരളത്തിന്റെ പ്രാദേശിക വികസന പ്രക്രിയയെ സംബന്ധിച്ച് സംസാരിച്ചു. റിട്ട. ക്യാപ്റ്റന്‍ ഹര്‍മ്മീദ് സിംഗ് ജമ്മുകാശ്മീര്‍ വികസന സാഹചര്യങ്ങള്‍ വിവരിക്കുകയും സംഘത്തിനുവേണ്ടി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.